വെണ്ടാര്‍ തൈപ്പൂയം 27 മുതല്‍ 31 വരെ;ഒരുക്കങ്ങൾ ആരംഭിച്ചു

പുത്തൂര്‍ : വെണ്ടാര്‍ തൈപ്പൂയക്കാവടിയാട്ടത്തിന് അഴകേകാനുള്ള പീലിക്കാവടികള്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രനടയില്‍ ഒരുങ്ങിത്തുടങ്ങി. വേല്‍ധാരണത്തിനായി ഒരുമാസത്തോളമായി ക്ഷേത്രനടയില്‍ വ്രതമനുഷ്ഠിക്കുന്ന ഭക്തരുടെ നേതൃത്വത്തിലാണ് പീലിക്കാവടിയൊരുക്കല്‍ നടക്കുന്നത്. പീലിക്കാവടി ഒരുക്കം പൂര്‍ത്തിയായാലുടന്‍ വേലൊരുക്കല്‍ നടക്കും. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മന്നൂറിലധികം സ്വാമിമാരാണ് ഈവര്‍ഷം വേല്‍ ധരിക്കുന്നത്. രണ്ടായിരത്തിലധികം പേര്‍ പീലിക്കാവടിയേന്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 27 മുതല്‍ 31 വരെയാണ് വെണ്ടാര്‍ തൈപ്പൂയം. 27-ന് വൈകീട്ട് ഏഴിന് ഓട്ടന്‍തുള്ളല്‍, എട്ടിന് ഭരതനാട്യം, ഒന്‍പതിന് വഞ്ചിപ്പാട്ട്, ഒന്‍പതരയ്ക്ക് ചാക്യാര്‍കൂത്ത്. 28-ന് രാത്രി ഏഴിന് വാദ്യ അരങ്ങേറ്റം, എട്ടിന് സംഗീതസദസ്സ്, 10-ന് നാടകം. 29-ന് ഏഴിന് നൃത്തസന്ധ്യ, ഒന്‍പതരയ്ക്ക് കഥാപ്രസംഗം. 30-ന് രണ്ടിന് സ്വര്‍ണക്കാവടി എതിരേല്‍പ്പ്. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേത്രസന്നിധിയില്‍നിന്ന് ആരംഭിക്കും. അഞ്ചിന് സ്വര്‍ണക്കാവടി ദര്‍ശനം, ഏഴുമുതല്‍ കഥകളിപുരസ്‌കാരദാനസമ്മേളനവും മടവൂര്‍ വാസുദേവന്‍ നായരെ ആദരിക്കലും നടപ്പന്തല്‍ സമര്‍പ്പണവും. പി.അയിഷാപോറ്റി എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും. നടപ്പന്തല്‍ സമര്‍പ്പണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് നിര്‍വഹിക്കും. കലാമണ്ഡലം വിജയകൃഷ്ണുന്‍ ഉണ്ണിത്താന് ഹൈദരാലി പുരസ്‌കാരദാനവും മടവൂര്‍ വാസുദേവന്‍ നായരെ ആദരിക്കലും കവിയും ഗാനരചിതാവുമായ ശ്രീകുമാരന്‍ തമ്പി നിര്‍വഹിക്കും. വെണ്ടാര്‍ ബാലകൃഷ്ണപിള്ള സ്മാരക പ്രഥമ പുരസ്‌കാരവും മടവൂരിന് ചടങ്ങില്‍വച്ച് സമ്മാനിക്കും. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി കഥകളിഗ്രന്ഥപുരസ്‌കാരം സി.എം.ഡി. നമ്പൂതിരിപ്പാടിന് സംഗീതസംവിധായകന്‍ വിദ്യാധരന്‍ സമ്മാനിക്കും. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി സ്മാരക എന്‍ഡോവ്‌മെന്റ് വി.എസ്.വിശ്വദര്‍ശും വെണ്ടാര്‍ ശങ്കരപ്പിള്ള സ്മാരക കഥകളി യുവപ്രതിഭാ പുരസ്‌കാരം നടന്‍ മധു വാരണാസിയും ഏറ്റുവാങ്ങും. 10-ന് നാടകം. 31-ന് ഒന്‍പതരമുതലാണ് കാവടിഘോഷയാത്ര. രാത്രി ഒന്‍പതിന് മേജര്‍സെറ്റ് കഥകളിയുമുണ്ടാകും.

credit:mathrubhumi