കുഴഞ്ഞുവീണ യുവാവിനെ രക്ഷിക്കാന് ‍കൊട്ടാരക്കര ആശുപത്രിയിലേക്ക് എത്തിച്ചത് K.S.R.T.C സര്‍വീസ് ബസ്

കൊട്ടാരക്കര : കെ.എസ്.ആര്‍.ടി.സി. ബസില്‍ കുഴഞ്ഞുവീണ് ബോധരഹിതനായ യാത്രക്കാരനെ ജീവനക്കാര്‍ സമയോചിതമായി ആശുപത്രിയിലെത്തിച്ചു. പാരിപ്പള്ളി-കൊട്ടാരക്കര വേണാട് ചെയിന്‍ സര്‍വീസിലാണ് 35 വയസ്സുള്ള യുവാവ് കുഴഞ്ഞുവീണത്. ഇയാളില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ അനില്‍കുമാറെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഏഴേകാലോടെ ബസ് പൂയപ്പള്ളിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഓയൂരില്‍നിന്ന് കൊട്ടാരക്കരയിലേക്കു പോകാന്‍ കയറിയ ആളാണ് കുഴഞ്ഞുവീണത്. സീറ്റില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് വീണതുകണ്ട ജീവനക്കാര്‍ ബസ് നിര്‍ത്തി. വെള്ളം തളിക്കുകയും പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തിട്ടും ഇയാള്‍ അബോധാവസ്ഥയില്‍ തുടര്‍ന്നതിനാല്‍ യാത്രക്കാരുടെ സഹായത്തോടെ പിന്നീടുള്ള സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ബസ് ആശുപത്രിയിലേക്ക് പാഞ്ഞു. രാത്രി വൈകിയും ഇയാള്‍ക്ക് ബോധം തെളിഞ്ഞിട്ടില്ല. ചാത്തന്നൂര്‍ ഡിപ്പോയിലെ ആര്‍.എ.എം. 459-ാംനമ്പര്‍ ബസിലെ ഡ്രൈവര്‍ ഓമനക്കുട്ടനും കണ്ടക്ടര്‍ റോയി ലൂക്കോസുമാണ് യുവാവിനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്. മാസങ്ങള്‍ക്കു മുന്‍പ് ഇതേ റൂട്ടില്‍ ബസിനുള്ളില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീഴുകയും ബസില്‍തന്നെ ആശുപത്രിയിലാക്കുകയും ചെയ്തിരുന്നു.
credit:mathrubhumi