ചക്ക വിൽക്കാനുണ്ടോ എന്ന് ചോദിച്ച് വീടുകളിലെത്തും,​മുഖത്ത് മുളകുപൊടി വിതറി മോഷണം:ശാസ്താംകോട്ടയിൽ പൊലീസ് പ്രതികളെ പിടികൂടിയത് ഇങ്ങനെ

കൊല്ലം:വീട്ടമ്മമാരുടെ മുഖത്തു മുളകുപൊടി വിതറി മാലമോഷണം നടത്തുന്ന മൂവർ സംഘത്തെ പൊലീസ് പിടികൂടി.ശാസ്താംകോട്ട, കുണ്ടറ,കൊട്ടിയം എന്നീ പ്രദേശങ്ങളിൽ വ്യാപകമായി മോഷണം നടത്തിയിരുന്ന മൂവർ സംഘത്തെയാണ് പിടികൂടിയത്.കാവനാട് ഇടപ്പാടം വയൽ മുട്ടറ കിഴക്കതിൽ ‌‌സിദ്ദിഖ് (28),കരിക്കോട് ചപ്പേത്തടം തൊടിയിൽ പുത്തൻവീട്ടിൽ നിസാമുദ്ദീൻ (50),കുണ്ടറ മുക്കൂട് ഷൈനി ഭവനത്തിൽ മുരുകൻ (52) എന്നിവരാണ് റൂറൽ പൊലീസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്.

ശാസ്താംകോട്ടയിൽ മുറ്റം വൃത്തിയാക്കുന്നതിനിടെ കമലാദേവി എന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം മൂന്നര പവന്റെ മാല കവർന്നിരുന്നു.ഈ കേസിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവർ സംഘം പിടിയിലായത്.വയോധികർ താമസിക്കുന്ന വീടുകൾ കണ്ടെത്തിയ ശേഷം കിണർ വൃത്തിയാക്കാനും,​ചക്ക, മാങ്ങ എന്നിവ വിൽക്കാനുണ്ടോ എന്ന ചോദിച്ചാണ് മോഷ്ടാക്കൾ വീടുകളിൽ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.റിട്ട.അധ്യാപികയുടേത് ഉൾപ്പെടെ മൂന്ന് കവർച്ച കേസുകൾ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി.ബൈക്കിലെത്തിയാണ് പ്രതികൾ കവർച്ച നടത്തുന്നത്.മുരുകനും നിസാമുദ്ദീനും എറണാകുളത്ത് നിന്ന് സുരക്ഷാ ജോലി കഴിഞ്ഞ് വന്നപ്പോൾ മോഷ്ടിച്ച ബൈക്കാണ് കവർച്ച നടത്താൻ ഉപയോഗിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിനെ തുടർന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.പരാതികളെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതികൾക്ക് സ്ഥിരമായ വാസസ്ഥലമോ മൊബൈൽ ഫോണോ ഇല്ലാത്തതിനാൽ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു.തുടർന്ന് മുൻ ശിക്ഷാ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.നിരവധി കവർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മൂവർ സംഘം പിടിയിലാകുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.