SBIയുടെ 5103,5596ൽ ആരംഭിക്കുന്ന കാർഡ് ഉള്ളവർ സൂക്ഷിക്കുക

കൊല്ലം/കൊട്ടാരക്കര/ചവറ: അക്കൗണ്ട് വിവരങ്ങൾ കൈമാറാതെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നതായി പരാതി.എടിഎം കാർഡ് സ്വന്തം പോക്കറ്റിൽ ഇരിക്കുമ്പോൾ തന്നെയാണ് ഉടമ അറിയാതെ ആരോ പണം പിൻവലിക്കുന്നത്.ഇതിലൂടെ ഒട്ടേറെപ്പേർക്ക് പതിനായിരക്കണക്കിനു നഷ്ടമായി. ബിഹാറിലെ പട്ന റെയിൽവേ സ്റ്റേഷൻ എടിഎം കൗണ്ടറിൽ നിന്നു നടത്തിയ തട്ടിപ്പിന് ഇരയായതു കൊട്ടാരക്കര കലയപുരം സ്വദേശിനിയായ വീട്ടമ്മ.
കൊട്ടാരക്കര എസ്ബിഐ ബ്രാഞ്ചിലെ ഇവരുടെ ഫാമിലി പെൻഷൻ അക്കൗണ്ടിൽ നിന്നു മണിക്കൂറുകൾക്കുള്ളിൽ 80,000 രൂപയാണു നഷ്ടപ്പെട്ടത്.കവർച്ചാ സംഘം 8 തവണയായി 10,000 രൂപ വീതമാണു പിൻവലിച്ചത്.ആദ്യത്തെ തവണ കൃത്യം 10,000 നൽകിയ ബാങ്കിങ് സംവിധാനം അടുത്ത ഓരോ തവണയും 23 രൂപ (ആകെ 161 രൂപ) കൂടി സർവീസ് ചാർജായും പിടിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ഏപ്രിൽ 29നു രാത്രി 11നും 12നും മധ്യേ ആയിരുന്നു പണം നഷ്ടപ്പെട്ടത്.രാവിലെ ഉണർന്നപ്പോഴാണു അക്കൗണ്ടിൽ നിന്നു പണം പിൻവലിച്ചതായുള്ള സന്ദേശം കണ്ടത്.
ഉടൻ തന്നെ കൊട്ടാരക്കരയിലെ ബാങ്ക് ശാഖയെ സമീപിക്കുകയും കാർഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്നു കൊട്ടാരക്കര റൂറൽ എസ്പിക്കു പരാതിയും നൽകി.കാർഡ് ബ്ലോക്ക് ചെയ്ത ശേഷവും 30നു രാത്രി ഇതേ അക്കൗണ്ടിൽ നിന്നു തന്നെ പണം തട്ടാൻ ശ്രമം നടന്നതായും വ്യക്തമായിട്ടുണ്ട്.സ്റ്റേറ്റ്മെന്റ് എടുത്തു പരിശോധിച്ചപ്പോഴാണു പട്ന റെയിൽവേ സ്റ്റേഷനിലെ എടിഎം കൗണ്ടറിൽ നിന്നാണു പണം പിൻവലിച്ചതെന്നു ബോധ്യപ്പെട്ടത്.ഒരു മാസം കാക്കാനാണു ബാങ്ക് അധികൃതർ പരാതിക്കാരോടു നിർദ്ദേശിച്ചിട്ടുള്ളത്.
ഇതിനുള്ളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമ നടപടികളിലേക്കു നീങ്ങാനാണു നിർദ്ദേശം.അടുത്തിടെ ചാത്തന്നൂരിലും സമാനമായ രീതിയിൽ പണം നഷ്ടപ്പെട്ടിരുന്നു.എസ്ബിഐ കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ശാഖയിൽ അക്കൗണ്ടുള്ള പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തേവലക്കര അരിനല്ലൂർ വെളിച്ചപ്പാടത്ത് സുരേഷിന് കഴിഞ്ഞ 2നു 17,000 രൂപ നഷ്ടമായത്
രാവിലെ 9.24ന് പണം പിൻവലിച്ചതായി എത്തിയ ഫോൺ സന്ദേശം അന്ന് രാത്രിയിലാണ് കണ്ടത്. തൊട്ടുത്ത ദിവസം ശാഖയിലെത്തി അക്കൗണ്ട് സ്റ്റേറ്റ് മെന്റ് പരിശോധിച്ചപ്പോൾ ജാർഖണ്ഡിലെ എടിഎമ്മിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നതെന്നു കണ്ടെത്തി.തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.കഴിഞ്ഞ 30നു എസ്ബിഐ കൊല്ലം പ്രധാന ശാഖയിൽ അക്കൗണ്ടുള്ള അയത്തിൽ നഗർ കവിതാ ഭവനിൽ ജയകുമാറിന് 27,000 രൂപ മിനിറ്റുകൾക്കുള്ളിൽ പലതവണയായി എടിഎമ്മിൽ നിന്നും പിൻവലിച്ചതായി ഫോണിൽ സന്ദേശം ലഭിച്ചിരുന്നു
∙പടനായർകുളങ്ങര തെക്ക് അസ്മ മൻസിലിൽ നവാസുദ്ദീൻ മുസല്യാരുടെ ബാങ്ക് അക്കൗണ്ടിലെ പണം എടിഎം വഴി നഷ്ടപ്പെട്ടതായി പരാതി.അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ ഭോപ്പാലിനു സമീപമുള്ള എടിഎമ്മിൽ നിന്നുമാണ് പണം പിൻവലിച്ചതായി കണ്ടെത്തി.കരുനാഗപ്പള്ളി എസ്ബിഐ ബ്രാഞ്ചിലെ തന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായെന്നു കാണിച്ച് നവാസുദ്ദീൻ മുസല്യാർ പൊലിസിലും ബാങ്ക് അധികൃതർക്കും പരാതി നൽകി. കൊട്ടാരക്കര മേഖലയിൽ 20 പരാതികളാണ് കഴിഞ്ഞ ദിവസം റൂറൽ എസ്പിയ്ക്ക് ലഭിച്ചത്.
അക്കൗണ്ട് ഉടമകൾ ജാഗ്രത പാലിക്കണം
ബാങ്ക് അക്കൗണ്ട് നമ്പറോ,എടിഎം നമ്പറോ,ഒടിപി നമ്പറോ വെളിപ്പെടുത്താതെ തന്നെ പണം നഷ്ടമാകുന്നു. എസ്ബിഐയുടെ 5103, 5596 നമ്പരിൽ ആരംഭിക്കുന്ന എടിഎം കാർഡുകളിൽ നിന്നാണ് പണം പോകുന്നത്. അക്കൗണ്ട് ഉടമകൾ ജാഗ്രത പാലിക്കണമെന്ന് എസ്പി കെ.ജി. സൈമൺ അറിയിച്ചു.
കൊട്ടാരക്കര,പത്തനാപുരം,പുനലൂർ,പൂയപ്പള്ളി,ഓയുർ,ശാസ്താംകോട്ട മേഖലയിലാണ് കൂടുതൽ പരാതികൾ. ബിഹാർ,വെസ്റ്റ് ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണ് പണം പോകുന്നത്.അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ മുൻ കൂട്ടി അറിഞ്ഞ ശേഷമാണ് തട്ടിപ്പെന്ന് പൊലീസ് കരുതുന്നു പണം നഷ്മാകുന്ന ഉടൻ തന്നെ അക്കൗണ്ട് ഉടമകൾ അധികൃതരുമായി ബന്ധപ്പെടണം.
ബാങ്കിങ് ഓംബുഡ്സ്മാൻ വഴി പണം തിരികെ ലഭിക്കാൻ ഉടമയ്ക്ക് അവകാശം ഉണ്ട്.എടിഎമ്മുകളിൽ പണം എടുക്കാൻ പോകുന്നവർ സംശയകരമായ ഉപകരണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം.അക്കൗണ്ട് വിവരങ്ങൾ മറ്റാരെയും ധരിപ്പിക്കരുത്.