കനത്ത മഴയിൽനിന്നു രക്ഷപ്പെടാൻ ഇഷ്ടികച്ചൂളയിലേക്ക് ഓടിക്കയറിയ ‌യുവാവ് കാറ്റിൽ മേൽക്കൂര തകർന്നു വീണു മരിച്ചു.

കൊട്ടാരക്കര∙കനത്ത മഴയിൽനിന്നു രക്ഷപ്പെടാൻ ഇഷ്ടികച്ചൂളയിലേക്ക് ഓടിക്കയറിയ ‌യുവാവ് കാറ്റിൽ മേൽക്കൂര തകർന്നു വീണു മരിച്ചു.ഏനാത്ത് മണ്ണ‌ടി ദാറുൽ സലാമിൽ മുഹമ്മദ് ബിലാൽ (ഷിനു–26) ആണു മരിച്ചത്.സാരമായി പരുക്കേറ്റ ബംഗാളി തൊഴിലാളി ബിപ്ലവിനെ (20) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൂള ഉടമ അന്തമൺ ചെറുമണ്ണഴികത്ത് വീട്ടിൽ രാധാകൃഷ്ണപിള്ള (55), ഏഴംകുളം വയല പള്ളിയുടെ കിഴക്കതിൽ പ്രസന്നൻ (36) എന്നിവർ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ വൈകിട്ട് മൂന്നരയോടെ അന്തമൺ സാരഥി ബ്രിക്സിലായിരുന്നു സംഭവം.പരിസരത്തെ പുരയിടത്തിൽ മരം വെട്ടുകയായിരുന്ന മുഹമ്മദ് ബിലാലും പ്രസന്നനും മഴ നനയാതിരിക്കാൻ ചൂളയിലേക്ക് ഓടിക്കയറുകയായിരുന്നു.മേൽക്കൂരയും ചൂളയിൽ അടുക്കിയിരുന്ന കട്ടകളും കാറ്റിനെത്തുടർന്നു മറിഞ്ഞു വീണു.മുഹമ്മദ് ബിലാൽ കട്ടകൾക്ക് അടിയിൽപ്പെട്ടു.മറ്റുള്ളവരുടെ ശരീരത്തിലേക്കും മേൽക്കൂരയുടെ ഭാഗങ്ങൾ വീണു.മുഹമ്മദ് ബിലാലിന്റെ മാതാവ്: ഷീബ. സഹോദരി: മിനി.
Credit: Manorama