കോട്ടത്തലയിൽ ഡോക്ടർ ചമഞ്ഞ് വിവാഹത്തട്ടിപ്പ് നടത്തിയ കേസിൽ യുവതിയെ ചോദ്യം ചെയ്തു

കൊട്ടാരക്കര :ഡോക്ടർ ചമഞ്ഞ് വിവാഹത്തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട യുവതിയെ പോലീസ് ചോദ്യംചെയ്തു.ഹൈക്കോടതിയിൽനിന്ന്‌ മുൻകൂർജാമ്യം നേടിയിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയില്ല.

പുനലൂർ കരവാളൂർ സ്വദേശിനി റീന(അനാമിക)യെയാണ് കൊട്ടാരക്കര പോലീസ് ചോദ്യംചെയ്തത്.കോട്ടാത്തല സ്വദേശി സൈനികൻ പ്രദീപിനെ ആൾമാറാട്ടം നടത്തിയാണ് ഇവർ വിവാഹംകഴിച്ചതെന്നും ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും കാട്ടി പ്രദീപിന്റെ ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്.തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രദീപിന് അറിയാമായിരുന്നുവെന്നും ആരെയും കബളിപ്പിച്ചിട്ടില്ലെന്നുമാണ് ഇവർ പോലീസിന് മൊഴിനൽകിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പ്രദീപിന്റെ മൊഴിയെടുത്തതിനുശേഷമേ വസ്തുത അറിയാൻ കഴിയൂ എന്ന നിഗമനത്തിലാണ് പോലീസ്.