ജില്ലയിലെ ആദ്യ ഒൺലൈൻ താലൂക്ക് സപ്ലൈ ഓഫീസ് ആയി കൊട്ടാരക്കര

കൊട്ടാരക്കര:താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവർത്തനങ്ങൾ ഓൺലൈനിലേക്ക്.ജില്ലയിലെ ആദ്യ കടലാസ്‌രഹിത ഇ-സപ്ലൈ ഓഫീസ് ആകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.ഇതിന്റെ ഭാഗമായി ഓഫീസ് ജീവനക്കാർക്കുള്ള ആദ്യഘട്ട പരിശീലനം 22-ന് നടത്തും.എൻ.ഐ.സി.യിലെ സാങ്കേതികവിദഗ്ധരാണ് പരിശീലനം നൽകുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫീസർ എസ്.എ.സെയ്ഫ് അറിയിച്ചു.ജില്ലയിൽ കൊട്ടാരക്കര താലുക്കിനുമാത്രമാണ് ഇ-ഓഫീസ് സംവിധാനത്തിന് പൊതുവിതരണവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുള്ളത്.ഇതിന്റെ ഭാഗമായി എല്ലാ ഫയലുകളും ഡിജിറ്റലാക്കും.

പൊതുജനങ്ങൾക്ക് വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.റേഷൻ കാർഡിനുള്ള അപേക്ഷമുതൽ എല്ലാ സേവനങ്ങളും ഓൺലൈനിലാകും. ഇ-ഓഫീസ് സജ്ജീകരണത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ സിവിൽ സ്റ്റേഷനിലേക്ക് ഓഫീസ് മാറ്റിയ ഘട്ടത്തിൽത്തന്നെ ഏർപ്പെടുത്തിയിരുന്നു. പതിനെട്ട് കംപ്യൂട്ടറുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.ജീവനക്കാരുടെ പരിശീലനം പൂർത്തിയാക്കിയാൽ ഒരുമാസത്തിനുള്ളിൽ ഫയലുകളുടെ ഡിജിെറ്റെസേഷൻ നടത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.കൂടുതൽ ആളുകൾക്ക് വേഗത്തിൽ സേവനം ലഭ്യമാക്കാനും ക്രമക്കേടുകൾ ഇല്ലാതാക്കാനും ഇ-ഓഫീസിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.