പുൽവാമ ഭീകരാക്രമണം:കൊല്ലപ്പെട്ട മലയാളി സൈനികന്‍റെ സംസ്കാരച്ചടങ്ങുകൾ നാളെ,ആദരാഞ്ജലിയുമായി രാജ്യം

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി. വി. വസന്തകുമാറിന്‍റെ സംസ്കാരച്ചടങ്ങുകൾ നാളെ.പൂർണ ഔദ്യോഗികബഹുമതികളോടെയാണ് വസന്തകുമാറിന്‍റെ മൃതദേഹം സംസ്കരിക്കുക.ഇപ്പോൾ ശ്രീനഗർ വിമാനത്താവളത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 8.55-ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് എത്തിക്കും.സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ഭൗതിക ശരീരം വയനാട്ടിലേക്ക്‌ കൊണ്ടുപോകും.

തുടർന്ന് ലക്കിടി ഗവ.എൽ.പി.സ്കൂളിൽ പൊതുദർശനത്തിന്‌ വച്ച ശേഷം തൃക്കൈപ്പറ്റ വില്ലേജിലുള്ള മുക്കംകുന്ന് എന്ന സ്ഥലത്ത്‌ സംസ്ഥാന -സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തും.ഇന്ന് ശ്രീനഗറിൽ കേന്ദ്രസർക്കാരിന് വേണ്ടി സൈനികർക്ക് ഉപചാരമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി നേരിട്ട് എത്തിയിരുന്നു.രാജ്‍നാഥ് സിംഗും ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിംഗും സിആർപിഎഫ് ക്യാമ്പിലെ മറ്റ് സൈനികർക്കൊപ്പം ആക്രമണത്തിൽ മരിച്ച സൈനികരുടെ ശവമഞ്ചം ചുമക്കാൻ ഒപ്പം ചേർന്നു.