ക്ഷേത്രനഗരിയാകാൻ ഒരുങ്ങി കൊട്ടാരക്കര മഹാഗണപതിക്ഷേത്രം

മഹാഗണപതിക്ഷേത്രം ക്ഷേത്രനഗരിയാക്കുന്ന വികസന പ്രവർത്തനങ്ങളുടെ മാസ്റ്റർ പ്ലാനിന് പ്രാഥമിക അംഗീകാരം.കഴിഞ്ഞദിവസം തിരുവനന്തപുരം ദേവസ്വം ബോർഡ് ഓഫീസിൽ ചേർന്ന യോഗത്തിലാണ് മാസ്റ്റർ പ്ലാൻ പ്രദർശിപ്പിച്ചത്.ശബരിമല മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ആർക്കിടെക്ട് മഹേഷ് ആണ് ഇതും തയ്യാറാക്കിയിരിക്കുന്നത്.

30 കോടിയോളം രൂപ ചെലവുവരുന്ന പദ്ധതിക്ക് പ്രാഥമിക അംഗീകാരം യോഗം നൽകി.30-ന് കൊട്ടാരക്കരയിൽ മാസ്റ്റർ പ്ലാനിന്മേൽ വിശദമായ ചർച്ച നടത്തുകയും അന്തിമ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ്യും.ഓംബുഡ്‌സ്‌മാന്റെ അനുമതിയോടെ പദ്ധതിനടത്തിപ്പിനായി ഹൈക്കോടതി അനുമതി തേടുകയും ചെയ്യും.

വാസ്തുവിദ്യാ പണ്ഡിതൻ കാണിപ്പയ്യൂർ 30-ന് ക്ഷേത്രത്തിലെത്തി ഭൂമിപരിശോധനയും നടത്തും.ക്ഷേത്രത്തിനകത്തും പുറത്തുമുള്ള നവീകരണങ്ങൾ പദ്ധതിയിലുണ്ട്.ധർമശാസ്താനട, സുബ്രഹ്മണ്യൻ നട എന്നിവ പുനർനിർമിക്കും.ദേവപ്രശ്നവിധിപ്രകാരമുള്ള നിർമാണങ്ങളാകും നടത്തുക.ക്ഷേത്രത്തിനു മുന്നിലെ കുളം നവീകരണം,സൗന്ദര്യവത്കരണം,കൊട്ടാരക്കര തമ്പുരാൻ കൊട്ടാരം നവീകരണം,ക്ഷേത്രത്തിനു മുന്നിൽ ഗോപുരം,തീർഥാടകർക്ക് താമസിക്കാൻ ലോഡ്ജും ഷോപ്പിങ് കോംപ്ലക്സും,സമ്മേളന ഹാൾ, കല്യാണമണ്ഡപം,കഥകളി മ്യൂസിയം, ക്ഷേത്രശില്പിയായ പെരുന്തച്ചന്റെ പ്രതിമനിർമാണം തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ട്.

കൂടുതൽ സ്ഥലമേറ്റെടുത്താകും നിർമാണങ്ങൾ.ദേവസ്വം ബോർഡ് ഫണ്ട്, സർക്കാർ സഹായം,ജനപ്രതിനിധികളുടെ ഫണ്ട് എന്നിവയെല്ലാം ലഭ്യമാക്കിയാകും നിർമാണം.മാർച്ചോടെ നിർമാണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
Credit:mathrubhumi