രഞ്ജി ട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം;ആദ്യമായി സെമിഫൈനലില്‍

രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ ചരിത്രജയവുമായി കേരളം.ജയത്തോടെ ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫിയുടെ സെമിഫൈനലില്‍ കടന്നു.വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 113 റണ്‍സിനാണ് ഗുജറാത്തിനെ കീഴടക്കിയത്.രണ്ടാം ഇന്നിംഗ്‌സില്‍ 195 റണ്‍സെന്ന വിജയലക്ഷ്യവുമായിറങ്ങിയ ഗുജറാത്തിന് ബേസില്‍ തമ്പിയുടെയും സന്ദീപ് വാര്യരുടെയും ബൗളിങ്ങിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല.രണ്ടാം ഇന്നിംഗ്‌സില്‍ 81 റണ്‍സിന് ഗുജറാത്തിന്റെ എല്ലാവരും പുറത്താകുകയായിരുന്നു.സ്‌ക്കോര്‍ ബോര്‍ഡില്‍ 50 തികയ്ക്കുന്നതിനു മുമ്പേ തന്നെ നാല് മുന്‍നിരവിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി.കേരളത്തിന്റെ ബേസില്‍ തമ്പിയാണ് മാന്‍ ഓഫ് ദി മാച്ച്.

കഥാന്‍ പട്ടേല്‍ (5),പി.കെ.പഞ്ചല്‍ (3),റുജുല്‍ ഭട്ട് (0),ധ്രുവ് റാവല്‍ (17) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.ബേസില്‍ തമ്പി 5 വിക്കറ്റും സന്ദീപ് വാര്യര്‍ 3 വിക്കറ്റും വീഴ്ത്തി.ഗുജറാത്ത് ക്യാപ്റ്റന്‍ പാര്‍ത്ഥിവ് പട്ടേലിനെ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി റണ്ണൗട്ടിലൂടെയാണ് മടക്കിയത്.ആദ്യ ഇന്നിംഗ്‌സില്‍ 23 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 171 റണ്‍സിന് പുറത്തായിരുന്നു.46 റണ്‍സെടുത്ത സിജോ മോന്‍ ജോസഫിന്റെയും 44 റണ്‍സെടുത്ത ജലജ് സക്‌സേനയുടെയും പ്രകടനമാണ് രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന് തുണയായത്.