47 വര്‍ഷത്തെ കാത്തിരിപ്പിന്. വിരാമം;കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും

47 വര്‍ഷമായുള്ള കൊല്ലത്തിന്റെ സ്വപ്നമാണു നാളെ യാഥാര്‍ഥ്യമാകുന്നത്.ദേശീയപാത 66ല്‍ മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമാണ് ബൈപാസ് റോഡ്.ടി.കെ.ദിവാകരന്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ആയിരുന്നപ്പോള്‍ ആണ് പദ്ധതി വിഭാവനം ചെയ്തത്.നഗരത്തിലെ ഗതാഗതത്തിരക്കു കുറയ്ക്കുകയായിരുന്നു ലക്ഷ്യം.

ഓലയില്‍,തേവള്ളി,വെള്ളയിട്ടമ്പലം വഴി രേഖപ്പെടുത്തിയാണ് ഉദ്യോഗസ്ഥര്‍ ബൈപാസിന്റെ രൂപരേഖ വരച്ചത്.ടി.കെ. ദിവാകരന്‍ ഇത് അംഗീകരിച്ചില്ല.മേവറം, കല്ലുംതാഴം,കടവൂര്‍,കാവനാട് വഴി വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.അങ്ങനെയാണ് ഇന്നു കാണുന്ന പാതയ്ക്കു രൂപരേഖയായത്.

ബൈപാസിന് 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് അതിര്‍ത്തിക്കല്ലു സ്ഥാപിച്ചതോടെ ഏറ്റെടുക്കുന്ന സ്ഥലം ഫ്രീസിങ് ലാന്‍ഡ് ആയി പ്രഖ്യാപിച്ചു.വസ്തുവിന് വില നിശ്ചയിക്കുകയോ വസ്തു കൈമാറ്റം ചെയ്യാനോ പണയപ്പെടുത്തി വായ്പ എടുക്കാനോ കഴിയാതെ വലഞ്ഞു. വസ്തു നഷ്ടപ്പെടുന്നവര്‍ പ്രക്ഷോഭം തുടങ്ങി.1978 മേയ് 3നു കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.

എസ്.കൃഷ്ണകുമാര്‍ എംപി ആയിരുന്നപ്പോള്‍ വസ്തു ഉടമകള്‍ക്ക് പണം ലഭിച്ചു.മേവറം അയത്തില്‍ 3 കിലോമീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായതും ആ കാലഘട്ടത്തിലാണ്.1993ല്‍ നിര്‍മാണം പൂര്‍ത്തിയായി.സംസ്ഥാന പൊതുമരാമത്ത് മന്ത്രിയും ഇരവിപുരം എംഎല്‍എയും ആയിരുന്ന പി.കെ.കെ. ബാവയുടെ പരിശ്രമവും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു.

1.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അയത്തില്‍ കല്ലുംതാഴം രണ്ടാംഘട്ടം നിര്‍മാണം 1999ല്‍ പൂര്‍ത്തിയായി.16 വര്‍ഷത്തിനു ശേഷം 2015ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണു കല്ലുംതാഴംകാവനാട് 8.6 കിലോമീറ്റര്‍ റോഡ് നിര്‍മാണം തുടങ്ങിയത്.പദ്ധതിത്തുകയില്‍ 278 കോടി രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി നല്‍കി പദ്ധതി നടപ്പാക്കാമെന്ന ഫോര്‍മുല ഉമ്മന്‍ചാണ്ടി തയാറാക്കിയതോടെയാണു മൂന്നാം ഘട്ടത്തിന്റെ കുരുക്കഴിഞ്ഞത്.

ബൈപാസ് ആശയത്തിനു തുടക്കം – 1972
മേവറം അയത്തില്‍ 3 കി.മീ ദൂരം നിര്‍മാണം പൂര്‍ത്തിയായത് – 1993
അയത്തില്‍ കല്ലുംതാഴം 1.5 കി.മീ നിര്‍മാണം പൂര്‍ത്തിയായത് – 1999
കല്ലുംതാഴം കാവനാട് 8.6 കി.മീ നിര്‍മാണത്തിന്തുടക്കം – 2015

ബൈപാസിനുളള നിര്‍മാണ തുക കേന്ദ്രവും സംസ്ഥാനസര്‍ക്കാരും 50/50 എന്ന അനുപാതത്തില്‍ നല്‍കിയാണ് പൂര്‍ത്തിയാക്കിയത്. കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം 15ന് 5.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍വഹിക്കും. ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചതായി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. തിരുവനന്തപുരത്തു നിന്നു ഹെലികോപ്റ്റര്‍ മാര്‍ഗം വൈകിട്ട് കൊല്ലത്ത് എത്തുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചിട്ടുള്ളത്. കാവനാട് ആല്‍ത്തറമൂട് ബൈപാസ് ഉദ്ഘാടന വേദിയാക്കാനാണ് ആലോചിക്കുന്നത്.