ജില്ലയിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് ഷ്രെഡിങ് ആൻഡ്‌ ബെയ്‌ലിങ് യൂണിറ്റ് കൊട്ടാരക്കരയിൽ ഇന്ന്‌ പ്രവർത്തനം തുടങ്ങും

കൊട്ടാരക്കര :ജില്ലയിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് ഷ്രെഡിങ് ആൻഡ്‌ ബെയ്‌ലിങ് യൂണിറ്റ് വെള്ളിയാഴ്ച പ്രവർത്തനം തുടങ്ങും.കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാപിച്ച യൂണിറ്റ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.മൂന്നിന് ചേരുന്ന യോഗത്തിൽ അയിഷാപോറ്റി എം.എൽ.എ.ആധ്യക്ഷ്യം വഹിക്കും.

വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റ് സ്ഥാപിച്ചത്.ക്ലീൻ കേരള കമ്പനിക്കാണ് നടത്തിപ്പുചുമതല. ഷ്രെഡിങ് യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമം ജി.എസ്.ജയലാൽ എം.എൽ.എ.യും ബെയ്‌ലിങ് യൂണിറ്റിന്റെ സ്വിച്ച് ഓൺ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.രാധാമണിയും നിർവഹിക്കും.

കളക്ടർ എസ്.കാർത്തികേയൻ ശുചിത്വസന്ദേശം നൽകും.ഉദ്ഘാടനത്തിനു മുന്നോടിയായി അജൈവമാലിന്യങ്ങളും സംസ്കരണരീതിയും എന്ന സെമിനാറും നടത്തും.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിൽനിന്ന്‌ ശേഖരിക്കുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഇവിടെ സംസ്കരിക്കും.പ്ലാസ്റ്റിക് കവറുകൾ ടാറിങ്ങിന് ഉപയോഗിക്കാൻ പാകത്തിൽ പൊടിയായും പ്ലാസ്റ്റിക കുപ്പികൾ പുനരുപയോഗത്തിന് സാധ്യമാകത്തക്കവിധത്തിൽ കട്ടകളായും മാറ്റും.

പൂർണതോതിൽ പ്രവർത്തനം തുടങ്ങിയാൽ ഇരുപതോളം പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ സംസ്കരിക്കാൻ കഴിയും.ഇലക്‌ട്രോണിക്-ഇലക്‌ട്രിക് പാഴ്‌വസ്തുക്കളുടെ ശേഖരണം, മാലിന്യസംസ്കരണ സംവിധാനങ്ങളുടെ മാതൃകാ മ്യൂസിയം എന്നിവ നടത്താനും പദ്ധതിയുണ്ട്.വിവിധ പഞ്ചായത്തുകളിൽ ഹരിതകർമസേനയിലൂടെ പ്ലാസ്റ്റിക് ശേഖരണം നടത്താനാണ് പദ്ധതി.