ഒടുവില്‍ ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പിഴയടച്ചു

പൊതുതാല്‍പ്പര്യ ഹര്‍ജിയെന്ന വ്യാജേന ദുരുദ്ദേശ്യപരമായ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ അടച്ചു.ഹൈക്കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റിയിലാണ് ശോഭാ സുരേന്ദ്രന്‍ പിഴയടച്ചത്. താന്‍ പിഴ അടയ്ക്കില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് ഹൈക്കോടതി വിധി വന്ന ദിവസം ശോഭാ സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് ഇടപെടലിനെ ചോദ്യം ചെയ്താണ് ശോഭാ ഹൈക്കോടതിയെ സമീപിച്ചത്.

ശബരിമലയിൽ യുവതീപ്രവേശമാവാമെന്ന സുപ്രീംകോടതി വിധിയെ എതിർത്ത് സംഘപരിവാർ നടത്തിയ അക്രമങ്ങളുടെ വിവരം വേണമെന്നായിരുന്നു ഹർജിയിലെ ഇടക്കാല ആവശ്യം. എന്തുകൊണ്ടാണ് ഹർജിയിലെ ഇടക്കാല ആവശ്യം ഇതായതെന്നായിരുന്നു കോടതിയുടെ ചോദ്യം. ദുരുദ്ദേശ്യപരമായ വ്യവഹാരമാണിതെന്നും വിലകുറഞ്ഞ പ്രശസ്‌തിക്കുവേണ്ടി കോടതിയെ ദുരുപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും ടെഹസീൻ പൂനാവാല കേസിൽ പൊതുതാൽപ്പര്യ ഹർജികളുടെ സ്വഭാവത്തെക്കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലെ കാഴ്‌ചപ്പാടുകൾക്ക് എതിരാണ് ശോഭയുടെ ഹർജിയെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി പിൻവലിക്കാൻ തയ്യാറായ ശോഭയുടെ അഭിഭാഷകൻ നിരുപാധികം മാപ്പുപറഞ്ഞു. എന്നാൽ, അനാവശ്യ വ്യവഹാരങ്ങൾക്കുള്ള സന്ദേശം കൂടിയാണിതെന്ന് വ്യക്തമാക്കിയാണ് 25,000 രൂപ കോടതിച്ചെലവ് കെട്ടിവയ‌്ക്കാൻ കോടതി നിർദേശിച്ചത്.പിഴ അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.