കടൽ കവർന്നെടുക്കുന്ന ആലപ്പാട്;ആശങ്കയോടെ ഒരു ഗ്രാമം!

കടലിനും കായലിനും നടുവിൽ റിബൺ പോലെ ഒരു ഗ്രാമം കൺമുന്നിൽ ഇല്ലാതാകുന്നു.സൂനാമിയും ഓഖിയും തച്ചുതകർത്ത,വർഷാവർഷം പ്രക്ഷുബ്ധമാകുന്ന കടൽ കവർന്നെടുക്കുന്ന ആലപ്പാട് എന്ന തീരഗ്രാമം എനിയെത്ര നാൾ എന്ന ചോദ്യം നാട്ടിലാകെ ഉയരാൻ തുടങ്ങിയപ്പോൾ എങ്ങും അലയടിക്കുന്നത് ആശങ്ക മാത്രം.

1955 ലെ ലിത്തോ മാപ്പ് പ്രകാരം ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി 89.5 ചതുരശ്ര കിലോമീറ്ററായിരുന്നു.ഇപ്പോഴത് 8.9 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയത്രെ.80 ചതുരശ്ര കിലോമീറ്ററോളം സ്ഥലം എവിടെപ്പോയെന്നാണ് നാട്ടിലെ ചോദ്യം. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദഗതികൾ ഉയരുന്നുണ്ടെങ്കിലും ആലപ്പാട് സന്ദർശിക്കുന്ന ആർക്കും മനസ്സിലാകും,കടൽ വല്ലാത്തൊരു ആസക്തിയോടെ കര കവർന്നെടുക്കുകയാണെന്ന്.ആലപ്പാട് ഗ്രാമത്തിന്റെ അരഞ്ഞാണം പോലെ ഇന്നു കാണപ്പെടുന്ന കടൽഭിത്തിക്കും എത്രയോ പടിഞ്ഞാറു വരെ മുൻപ് വീടുകൾ ഉണ്ടായിരുന്നു.ആരാധനാലയങ്ങൾ, കളിസ്ഥലങ്ങൾ,വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയവ നിലനിന്നിരുന്നുവെന്നു പഴമക്കാർ പറയുന്നു.അവയൊക്കെ കാലക്രമേണ കടലെടുത്തു.അതിനിപ്പുറം കടൽഭിത്തി കെട്ടിയെങ്കിലും അവ പലയിടത്തും പൊട്ടിത്തകർന്നുകിടക്കുന്നു.ആലപ്പാട്ട് ഇപ്പോൾ കടലും ടിഎസ് കനാലും തമ്മിൽ പലയിടത്തും കഷ്ടിച്ച് 50 മീറ്റർ മാത്രമേ ദൂരവ്യത്യാസമുള്ളൂ.ദിനംപ്രതിയെന്നോണം ദൂരം കുറഞ്ഞുവരികയാണ്.സൂനാമി ആഞ്ഞടിച്ചപ്പോൾ ആലപ്പാട് അപ്പാടെ തകർന്നു.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണം ഉണ്ടായത് ഇവിടെയാണ്.ഏറ്റവും കൂടുതൽ പേർ കുടിയൊഴിപ്പിക്കപ്പെട്ടതും ഇവിടെ. ഏകദേശം 7,500 കുടുംബങ്ങളാണ് ഇന്ന് ആലപ്പാട് പഞ്ചായത്തിലുള്ളത്.സൂനാമി ദുരന്തമുണ്ടായപ്പോൾ രണ്ടായിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.അവരിൽ നല്ലൊരു പങ്കു പിന്നീടു മടങ്ങിവന്നു.കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇയുടെ (ഇന്ത്യൻ റെയർ എർത്സ് ലിമിറ്റഡ്) പ്രധാന ഖനനപ്രദേശങ്ങളിലൊന്ന് ആലപ്പാട് പഞ്ചായത്തിലെ വെള്ളനാത്തുരുത്താണ്.വെള്ളനാത്തുരുത്തിന്റെ ഏതാണ്ടു മുക്കാൽ ഭാഗവും കടലിലായി.ഇതിനു തെക്കുഭാഗത്തു കെഎംഎംഎല്ലിന്റെ ഖനനമേഖലയായ പന്മന ഗ്രാമപഞ്ചായത്തിൽപ്പെട്ട പൊന്മനയും ഏതാണ്ട് ഇല്ലാതായി.സീ വാഷ് എന്ന പേരിൽ അശാസ്ത്രീയ കരിമണൽ ഖനനം ഐആർഇ നടത്തുന്നതാണു കര നഷ്ടപ്പെടുന്നതിനു പ്രധാന കാരണമെന്നു സേവ് ആലപ്പാട് എന്ന മുദ്രാവാക്യവുമായി രംഗത്തുള്ളവർ പറയുന്നു.അങ്ങനെയാണെങ്കിൽ ഖനനമില്ലാത്ത തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖത്തും കാസർകോട്ടും കടൽ കര കവരുന്നതെങ്ങനെയെന്നു പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ചോദിക്കുന്നു.ചോദ്യങ്ങളും ഉത്തരങ്ങളും എന്തൊക്കെയായാലും ആലപ്പാട് കാണാക്കാണെ ചുരുങ്ങുകയാണെന്നു സത്യം.അതു ഖനനം കൊണ്ടായാലും മറ്റെന്തെങ്കിലും കാരണം കൊണ്ടായാലും.അതേക്കുറിച്ചു ശാസ്ത്രീയ പഠനം തന്നെ ഇവിടെ അടിയന്തര ആവശ്യമാകുന്നു…