കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് മോദി എത്തും,ഒരുക്കുന്നത് കനത്ത സുരക്ഷ;എസ്.പി.ജി കമാന്റോസ് കൊല്ലത്തേക്ക്

രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കൊടുവിൽ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും.ഈ മാസം 15ന് വൈകീട്ട് 5:30ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിപ്പ് ലഭിച്ചതായി എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്റർ മാർഗം 5.20ന് കൊല്ലത്ത് എത്തുമെന്നാണു പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചിട്ടുള്ളത്.

ഇതോടെ ജില്ലയിൽ സുരക്ഷ ശക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് പൊലീസ്.പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗം ഉടൻ തന്നെ കൊല്ലത്ത് എത്തും.നിലവിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല എസ്.പി.ജി കമാന്റോസിനാണ്.പ്രധാനമന്ത്രി സന്ദർശനം നടത്തുന്ന എല്ലാ സ്ഥലങ്ങളിലും എസ്.പി.ജി ദിവസങ്ങൾക്ക് മുമ്പേ പരിശോധന നടത്താറുണ്ട്.ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്ന് സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചതായി സ്ഥിരീകരിച്ച മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കുമെന്നു തിരുവനന്തപുരത്തു പറഞ്ഞു.പ്രധാനമന്ത്രി സൗകര്യം അറിയിച്ചാൽ അതവഗണിക്കാൻ സർക്കാരിനാകില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.പ്രധാനമന്ത്രിക്കു കൊല്ലത്ത് രണ്ട് പരിപാടികളാണുള്ളത്.കന്റോൺമെന്റ് മൈതാനത്ത് ബി.ജെ.പി റാലിയാണ് മറ്റൊന്ന്.കൊല്ലം, ആലപ്പുഴ, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിലെ ബി.ജെ.പി പ്രവർത്തകരാണ് റാലിയിൽ പങ്കെടുക്കുന്നത്.ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷമായിരിക്കും പ്രധാനമന്ത്രി റാലിയിൽ പ്രസംഗിക്കുക.എന്നാൽ ഇതു സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.കാവനാട് ആൽത്തറമൂട് ബൈപാസ് ഉദ്ഘാടന വേദിയാക്കാൻ ആലോചിക്കുന്നുണ്ട്.അതേസമയം,കാവനാട് ആൽത്തറമൂടിന് സമീപം ടോൾ പ്ലാസയിലെ കാബിൻ നിർമാണം പൂർത്തിയായി.ഇതിനു വൈദ്യുതി ബന്ധം ലഭിച്ചിട്ടില്ല.കോർപറേഷൻ കത്ത് നൽകിയെങ്കിലേ വൈദ്യുതി കണക്ഷൻ ലഭിക്കുകയുള്ളു.ടോൾ പ്ലാസയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.