വിധി നടപ്പാക്കുന്നതില് എതിര്പ്പുണ്ടെങ്കില് തന്ത്രി സ്ഥാനമൊഴിയണം-മുഖ്യമന്ത്രി

തിരുവനന്തപുരം:ശബരിമലയില് സുപ്രീം കോടതി വിധി നടപ്പാക്കുന്നതില് എതിര്പ്പുണ്ടെങ്കില് തന്ത്രി സ്ഥാനമൊഴിഞ്ഞ് മാറിനില്ക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ആചാരലംഘനത്തിന്റെ പേരില് ക്ഷേത്രം അടച്ച തന്ത്രിയുടെ നിലപാട് വിചിത്രമാണ്.തന്ത്രിയുടെ ഭാഗം കൂടി കേട്ടാണ് കോടതി വിധി ഉണ്ടായത്.വിധി നടപ്പാക്കാനാകില്ലെങ്കില് തന്ത്രി സ്ഥാനം ഒഴിയണം.ക്ഷേത്രം അടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്ഡാണ്.അതുമായി ബന്ധപ്പെട്ട കാര്യങ്ങള് ദേവസ്വം ബോര്ഡാണ് പരിശോധിക്കേണ്ടതെന്നും പിണറായി വ്യക്തമാക്കി
സ്ത്രീകള്ക്ക് പ്രവേശനം നല്കാനുള്ള വിധി പ്രഖ്യാപിച്ചത് സുപ്രീം കോടതിയാണ്.ശബരിമല ദര്ശനത്തിന് എത്തുന്ന എല്ലാവര്ക്കും സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്ക്കും സുരക്ഷ ഒരുക്കാന് സര്ക്കാറിന് ഉത്തരവാദിത്യമുണ്ട്.അതാണ് സര്ക്കാര് ചെയ്തത്.ശബരിമലയെ സംഘര്ഷഭൂമിയാക്കാനാണ് സംഘപരിവാര് ശ്രമിച്ചത്.വലിയ അക്രമമാണ് അവര് ശബരിമലയില് ചെയ്തത്.ഇത്തരം സംഘര്ഷത്തില് നിന്ന് ശബരിമലയെ മോചിപ്പിക്കാനാണ് സര്ക്കാര് ശ്രമിച്ചത്.ഇപ്പോള് ശബരിമല ദര്ശനം നടത്തിയ വനിതകള് നേരത്തെയും ഇതിനായി ശ്രമിച്ചതാണ്.പലകാരണങ്ങളാള് അതിന് കഴിയാതെ വന്നപ്പോള് അവര് മടങ്ങിപ്പോവുകയായിരുന്നു.തുടര്ന്നാണ് അവര് വീണ്ടും എത്തിയത്.കോടതി ഉത്തരവ് നടപ്പാക്കാന് ബാധ്യതയുള്ള പോലീസ് അതിന് സുരക്ഷ നല്കുകയായിരുന്നു.ഹെലികോപ്റ്ററിലല്ല ഇവര് ശബരിമലയില് പോയത്. മറ്റ് ഭക്തര് പോകുന്ന പോലെ തന്നെയാണ് അവരും പോയത്.ഭക്തര് അവരെ തടയുന്ന സ്ഥിതിയുണ്ടായില്ല.ഇവര്ക്ക് ദര്ശനം നടത്താനുള്ള സൗകര്യം മറ്റ് ഭക്തര് തന്നെ ഒരുക്കിക്കൊടുത്തു.ഇത് വനിതകളുടെ വാക്കില് നിന്ന് തന്നെ വ്യക്തമാണ്.കുറച്ച് സമയം കഴിഞ്ഞാണ് വിവരം പുറത്തറിയുന്നത്.മണിക്കൂറുകള് പിന്നിട്ടിട്ടും പ്രത്യേക സംഘര്ഷങ്ങള് ഒന്നും ഉണ്ടായില്ല.ഈ വിഷയത്തില് സ്വാഭാവികമായ പ്രതിഷേധം ആര്ക്കും ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.എന്നാല് സംഘര്ഷം ഉണ്ടാവണം എന്നാഗ്രഹിക്കുന്നവര് രാഷ്ട്രീയ മുതലെടുപ്പിനായി സംഘര്ഷങ്ങള് ഉണ്ടാക്കുകയായിരുന്നു.ആസൂത്രിതമായ നീക്കങ്ങളാണ് പിന്നീട് ഉണ്ടായത്.സ്വാഭാവികമായ പ്രതിഷേധം ആര്ക്കും ഉണ്ടായിരുന്നില്ല.രാഷ്ട്രീയ താല്പര്യത്തോടെയുള്ള ഇത്തരത്തിലുള്ള നീക്കങ്ങളെ ശക്തമായി നേരിടാനാണ് മന്ത്രിസഭയുടെ നിലപാട്.ശബരിമലയില് ബി.ജെ.പി നടത്തുന്ന സംസ്ഥാന തലത്തിലുള്ള അഞ്ചാമത്തെ ഹര്ത്താലാണിത്.മൂന്ന് മാസത്തിനിടെ ഏഴ് ഹര്ത്താലുകള് സംഘപരിവാര് നടത്തി.ബാലിശമായ കാരണങ്ങള് പറഞ്ഞാണ് ഹര്ത്താലുകള് നടത്തിയത്.ഹര്ത്താലുകള് ഏറ്റവും അവസാനം നടത്തേണ്ട സമരമുറയാണ്.ഇന്നത്തെ ഹര്ത്താല് സുപ്രീം കോടതി വിധിക്കെതിരെയുള്ള ഹര്ത്താലാണ്.മാധ്യമപ്രവര്ത്തകരും പോലീസും വഴിയാത്രക്കാരും അക്രമിക്കപ്പെടുകയാണ്.7 പോലീസ് വാഹനങ്ങളും 79 കെ.എസ്.ആര്.ടി.സി ബസും ഇന്നലെ മാത്രം തകര്ത്തു.വനിതകളാണ് കൂടുതല് ആക്രമിക്കപ്പെട്ടു.വനിതാ മതിലില് പങ്കെടുത്ത സ്ത്രീകളെ ആക്രമിക്കുകയാണ്.പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി ലക്ഷ്യം വെക്കുകയാണ്.ഇത് വടക്കേ ഇന്ത്യയില് നടക്കുന്നതിന്റെ തുടര്ച്ചയാണ്.സ്ത്രീ പ്രവേശനത്തല് സര്ക്കാരിന് വാശിയില്ല.എന്നാല് കോടതി വിധി പ്രകാരം സുരക്ഷ നല്കാന് സര്ക്കാരിന് ഉത്തരവാദിത്യമുണ്ട്.