35 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലെത്തിയ ആള്‍ വീട്ടിലെത്തും മുമ്പേ വാഹനാപകടത്തില്‍ മരിച്ചു;മരിച്ചത് കൊല്ലം ശൂരനാട് സ്വദേശി രാജൻപിള്ള

35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ വയോധികൻ വിമാനത്താവളത്തിൽനിന്ന്‌ വീട്ടിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ മരിച്ചു.കൊല്ലം ശൂരനാട് വടക്കേ പഞ്ചായത്ത് സ്വദേശി പടിഞ്ഞാറ്റംമുറിയിൽ നെല്ലിപ്പള്ളിൽ വീട്ടിൽ രാജൻപിള്ള (61)യാണ് മരിച്ചത്.രാജൻപിള്ള ശനിയാഴ്ച രാത്രിയായിരുന്നു ഷാർജയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് വിമാനം കയറിയത്.വിസ റദ്ദാക്കിയുള്ള ആ യാത്ര പക്ഷേ മരണത്തിലേക്കായി.കാറോടിച്ചിരുന്ന മകൻ അമൽ ഗുരുതരാവസ്ഥയിൽ ആസ്പത്രിയിലാണ്.കൂടെയുണ്ടായിരുന്ന രാജൻപിള്ളയുടെ സഹോദരനും കാലിന്‌ പരിക്കുണ്ട്.

ഷാർജ പോലീസിന് കീഴിലുള്ള കംപ്യൂട്ടർ ഇൻഫർമേഷൻ സെന്ററിലെ ജീവനക്കാരനായിരുന്നു.ശനിയാഴ്ച രാത്രി 1.40-നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു രാജൻപിള്ള നാട്ടിലേക്ക് പോയത്.പുലർച്ചെ അദ്ദേഹം സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.അപകടത്തിൽ രാജൻപിള്ള തത്‌ക്ഷണം മരിച്ചു. പിറകിലെ സീറ്റിലായിരുന്നു ഇരുന്നത്.വീടെത്തുന്നതിനും 20 മിനിറ്റ് മുമ്പ് ഭരണിക്കാവ്-കടപുഴ റൂട്ടിൽ പുന്നമൂടിനടുത്തുവെച്ചായിരുന്നു ദുരന്തം.കഴിഞ്ഞ ഓണത്തിനായിരുന്നു രാജൻപിള്ള അവസാനമായി നാട്ടിൽപ്പോയി വന്നത്.