തൊഴിലുറപ്പ് യോഗത്തിന് വിളിച്ചിട്ട് വനിതാ മതിലിന്റെ ചർച്ച:കൊല്ലത്ത് സ്ത്രീകളുടെ പ്രതിഷേധം

പുതുവർഷ ദിനത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി കൊല്ലം പെരിനാട് പഞ്ചായത്തിൽ വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും ഒരു വിഭാഗം സ്ത്രീകൾ ഇറങ്ങിപ്പോയി.തൊഴിലുറപ്പ് ജോലി സംബന്ധിച്ച ചർച്ചയ്ക്കാണ് തങ്ങളെ വിളിച്ചതെന്നും വനിതാ മതിലിനെപ്പറ്റിയുള്ള ചർച്ചയ്ക്ക് നിർബന്ധിക്കുന്നുവെന്നും ആരോപിച്ചായിരുന്നു സ്ത്രീകളുടെ പ്രതിഷേധം.അതിനിടെ തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരെ വനിതാ മതിലിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ യോഗം നടക്കുന്നിടത്തേക്ക് തള്ളിക്കയറിയത് സംഘർഷത്തിനിടയാക്കി.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് തങ്ങളെ വിളിച്ചതെന്നും വനിതാ മതിലിനെപ്പറ്റി പറഞ്ഞില്ലെന്നുമായിരുന്നു ഒരു വിഭാഗം സ്ത്രീകളുടെ വാദം.വനിതാ മതിലിനെപ്പറ്റി പഞ്ചായത്ത് അധികൃതർ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും സ്ത്രീകൾ ബഹളം തുടങ്ങി.ഇതിനെതിരെ സി.ഡി.എസ് അക്കൗണ്ടിന്റിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം വിളിച്ചതോടെ രംഗം വഷളായി.സംഭവം അറിഞ്ഞെത്തിയ ബി.ജെ.പി പ്രവർത്തകർ യോഗം നടന്നിരുന്ന പഞ്ചായത്ത് ഹാളിലേക്ക് തള്ളിക്കയറിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി.തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.സംഗതി വഷളാകുമെന്ന് കണ്ടതോടെ യോഗം പിരിച്ച് വിട്ട് പഞ്ചായത്ത് അധികൃതരും തടിയൂരി.