പ്രാദേശിക പാർട്ടികളുടെ പ്രസക്തി വർധിക്കുന്നു: ജോസ് കെ മാണി എം.പി, കേരള കോൺഗ്രസ് (എം) കൊല്ലം ജില്ലാ നേതൃയോഗം കൊട്ടാരക്കരയിൽ നടന്നു

കൊട്ടാരക്കര: ദേശീയ രാഷ്ട്രീയത്തിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി വർധിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി പറഞ്ഞു. കൊട്ടാരക്കരയിൽ നടന്ന പാർട്ടി കൊല്ലം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയിൽവേ സോൺ പോലെയുള്ള പദ്ധതികൾ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കു നേതൃത്വമുള്ള സംസ്ഥാനങ്ങൾക്കാണ് ലഭിക്കുന്നത്. കാസർകോടു മുതൽ തിരുവനന്തപുരം വരെ നടത്തുന്ന പാർട്ടിയുടെ കേരളയാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകും. ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ തോമസ് ഉണ്ണിയാടൻ, ജോബ് മൈക്കിൾ, മാത്യൂ ജോർജ്, വഴുതാനത്ത് ബാലചന്ദ്രൻ, കുളത്തൂർ കുഞ്ഞുകൃഷ്ണപിള്ള, ബെന്നി കക്കാട്, ഉഷാലയം ശിവരാജൻ, ജില്ലാ നേതാക്കളായ അലക്സ് കുണ്ടറ, ആയൂർ ബിജു, മുരുകദാസൻ നായർ എന്നിവർ പ്രസംഗിച്ചു.