കൊട്ടാരക്കരയിൽ 60 കോടി ചെലവിൽ ഫ്ലൈ ഓവർ;പദ്ധതിക്ക് രൂപരേഖ തയ്യാറായി.

കൊട്ടാരക്കയിൽ ഗതാഗതക്കുരുക്കഴിക്കാൻ എംസി റോഡിൽ ഫ്ളൈഓവർ വരുന്നു.പുലമൺ രവിനഗർ മുതൽ കുന്നക്കരവരെയാകും പാലം.പദ്ധതിക്ക് രൂപരേഖ തയ്യാറായി.എംഎൽഎമാരായ പി.അയിഷപോറ്റി, കെ.ബി.ഗണേഷ്കുമാർ, കെഎസ്ടിപി എക്സി.എൻജിനീയർ ടി.എസ്.ഗീത,തഹസിൽദാർ ബി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തു പരിശോധന നടത്തി.കെ.ബി. ഗണേഷ്കുമാർ എംഎൽഎയാണു രൂപരേഖ തയാറാക്കിയത്.റോഡിനു നടുവിലായി ഉരുക്കുകൊണ്ടു നിർമിച്ച സ്പാൻ ഉയരും.ചതുരാകൃതിയിലെ 25 തൂണുകൾ വേണ്ടിവരും.തൂണുകളുടെ അടിവശം കോൺക്രീറ്റ് ചെയ്യും.മുകളിൽ 10 മീറ്റർ വീതിയിൽ വശത്തേക്ക് ഉരുക്ക് അടിത്തട്ട് നിർമിക്കും.ഇതിനു മുകളിലായി സാധാരണ റോഡും. തിരുവനന്തപുരം–കോട്ടയം വഴി പോകുന്ന വാഹനങ്ങൾക്കു ഫ്ളൈഓവർ ഉപയോഗിക്കാം.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാനാണു തീരുമാനം.60 കോടി രൂപ ചെലവിൽ 700 മീറ്റർ ദൂരത്തിലെ പാതയിൽ ഉരുക്കു തൂണുകളും ഉരുക്കു മേൽത്തട്ടും ഉപയോഗിക്കും.മെറ്റലും ടാറും ഉപയോഗിച്ചാകും ഉപരിതലം.ലോഹനിർമിത അടിത്തറയായതിനാൽ 6 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാം.കൊട്ടാരക്കര നഗരസഭ വൈസ് ചെയർമാൻ സി.മുകേഷ്,സ്ഥിരം സമിതി കൺവീനർ എസ്.ആർ.രമേശ്, കൗൺസിലർ എ.ഷാജു എന്നിവരും സ്ഥല പരിശോധനയിൽ പങ്കെടുത്തു.