അധ്യക്ഷനായിട്ട് ഇന്ന് ഒരാണ്ട്;പാര്ട്ടിക്ക് വിജയമധുരം നല്കി രാഹുല്;അമ്പരന്ന് ബിജെപി

കൃത്യം ഒരുവർഷം മുൻപ് ഇതുപോലൊരു ഡിസംബര് 11നാണ് കോൺഗ്രസിന്റെ അമരക്കാരനായി രാഹുൽ ഗാന്ധിയെത്തുന്നത്.അധ്യക്ഷപദവിയുടെ പിറന്നാൾ ആകുമ്പോഴേക്ക് ദേശീയരാഷ്ട്രീയത്തിലെ പ്രബലനായ നേതാവായി രാഹുൽ മാറിക്കഴിഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിലെ അന്തിമവിധി ഉറപ്പാകുമ്പോൾ രാഹുലിന്റെ നേതൃശേഷിയാണ് ആഘോഷിക്കപ്പെടുന്നത്.പരിഹാസങ്ങൾക്ക് നടുവിലൂടെയാണ് രാഹുല് ഗാന്ധിയുടെ വളർച്ച.പക്വതയില്ലാത്ത, പരിചയസമ്പത്തില്ലാത്ത നേതാവെന്ന് എതിരാളികൾ അധിക്ഷേപിച്ചു.മോദിയുൾപ്പെടെയുള്ള നേതാക്കൾ പപ്പു എന്ന് വിളിച്ചാണ് രാഹുലിനെ പൊതുവേദികളിൽ പരിഹസിച്ചിരുന്നത്.ഭരണത്തിലിരുന്ന മൂന്ന് സംസ്ഥാനങ്ങൾ കോൺഗ്രസ് പിടിച്ചടക്കുമ്പോൾ ബിജെപി ക്യാംപുകളിൽ ഞെട്ടൽ.എല്ലാ സംസ്ഥാനങ്ങളിലും നേരിട്ടെത്തി ഓടിനടന്ന് പ്രചാരണം നയിച്ച രാഹുൽ തന്നെയായിരുന്നു കോൺഗ്രസിന്റെ താരം.ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമർശനമാണ് രാഹുൽ നടത്തിയത്.കർഷകരുടെ ദുരിതം, തൊഴിലില്ലായ്മ,റഫാല് വിമാന ഇടപാട് തുടങ്ങിയ വിഷയങ്ങളിൽ മോദിയെയും കേന്ദ്രസർക്കാരിനെയും നിരന്തരമായി വിമർശിച്ച രാഹുൽ,രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് വിളിച്ചുപറഞ്ഞു.മോദിയുടെ പരിഹാസത്തിനെല്ലാം കുറിക്കുകൊള്ളുന്ന മറുപടി നൽകി രാഹുൽ.നേർക്കുനേർ പോരാടിയ മൂന്നിടത്തും ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുത്തതിന്റെ ആഹ്ലാദത്തിലാണ് കോൺഗ്രസ് ക്യാംപ്.ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തെ ആര് നയിക്കുമെന്ന ചോദ്യത്തിനും ഉത്തരമായിരിക്കുന്നു.2019ൽ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസിനും രാഹുലിനും വലിയ ഊർജമാണ് അന്തിമവിധി നൽകുന്നത്.