പ്രളയം:കേരളത്തിന് കേന്ദ്രധനസഹായം 3048 കോടി രൂപയായി ഉയർത്തി

പ്രളയം തകര്‍ത്ത കേരളത്തിനുള്ള ധനസഹായം കേന്ദ്രസര്‍ക്കാര്‍ 3048 കോടിയായി ഉയര്‍ത്തി.നേരത്തെ അനുവദിച്ച അറുന്നൂറ് കോടിയടക്കമാണ് ഈ തുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.കേരളത്തിന് 3048 കോടിയുടെ സഹായം നല്‍കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം.അഭ്യന്തരമന്ത്രിയെ കൂടാതെ ധനമന്ത്രി അരുണ്‍ ജെയ്റ്റലി,കൃഷിമന്ത്രി രാധാമോഹന്‍സിംഗ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.കേരളത്തെ കൂടാതെ ഒഡീഷ,ആന്ഡ്രാപ്രദേശ്, നാഗാലാന്‍ഡ്, എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.കേന്ദ്രദുരിതാശ്വാസനിധിയില്‍ നിന്നുമാണ് സഹായം നല്‍കുക.