ശബരിമല സ്ത്രീ പ്രവേശന വിധിയില് ഇടപെടാനില്ലെന്നു കേന്ദ്രം;സുപ്രീം കോടതി വിധിയായതിനാല് ഒന്നും ചെയ്യാനില്ലെന്ന് രാജ്നാഥ് സിംഗ്

ശബരിമല വിഷയത്തില് കേന്ദ്രത്തിനു ഇടപെടാനാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.ശബരിമലയില് സ്ത്രീ പ്രവേശനം സാധ്യമാക്കിയ വിധി സുപ്രീം കോടതിയുടേതാണ്,അതിനാല്ത്തന്നെ ഈ വിഷയത്തില് എന്തു പറയാനാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.ഒരു ദേശീയ ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് രാജ്നാഥ് സിംഗ് അഭിപ്രായം വ്യക്തമാക്കിയത്.കേന്ദ്ര സര്ക്കാരിനെ സംബന്ധിച്ച് ശബരിമല വിഷയത്തില് ഒന്നും ചെയ്യാന് സാധ്യമല്ല എന്നും എന്തെങ്കിലും ചെയ്യാന് സാധിക്കുമെങ്കില് അത് സംസ്ഥാന സര്ക്കാരിനു മാത്രമേ സാധിക്കുകയുള്ളു എന്നുമാണ് രാജ്നാഥ് സിംഗ് പ്രതികരിച്ചത്.ശബരിമല വിഷയത്തെക്കുറിച്ച് ഗവര്ണര് പി.സദാശിവവുമായി ശനിയാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.വിധിയില് കുറച്ചു പേരുടെ മതവികാരം വൃണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില് ബിജെപി സമരം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്ക്കാരിന്റെ ഭാഗത്തു നിന്നും വ്യക്തമായ നിലപാട് സ്വീകരിക്കാത്ത പ്രതികരണം ഉണ്ടായിട്ടുള്ളത്.വിധിയുടെ മുഴുവന് ബാധ്യതയും സംസ്ഥാന സര്ക്കാരില് അടിച്ചേല്പ്പിക്കുന്ന രീതിയിലുള്ള അഭിപ്രായമാണ് കേന്ദ്ര സര്ക്കാര് സ്വീകരിച്ചത്.എന്നാല് വിധി ഭരണഘടനാ ബെഞ്ചിനു മാത്രമേ സ്റ്റേ ചെയ്യാനാകൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ് വ്യക്തമാക്കിയിട്ടുണ്ട്.ക്ഷേത്രങ്ങളെ കലാപ ഭൂമിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന ബിജെപി ഘടകം.നാമജപയാത്രകളും പ്രതിഷേധ സമരങ്ങളും സംഘടിപ്പിച്ച് സംസ്ഥാനത്തെ കലുഷിതമാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് കേന്ദ്ര സര്ക്കാരിനു വിഷയത്തില് ഒന്നും ചെയ്യാനാവില്ലെന്നു രാജ്നാഥ് സിംഗ് പറഞ്ഞത്.