ആട്ടോ,ടാക്സി നിരക്ക് അടുത്ത മാസം മുതൽ കൂടും

തിരുവനന്തപുരം:സംസ്ഥാനത്ത് ആട്ടോ ടാക്സി നിരക്ക് ഒരു മാസത്തിനകം കൂട്ടും.ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വർദ്ധന.റിപ്പോർട്ട് വൈകാതെ സമർപ്പിക്കുമെന്ന് സൂചനയുണ്ട്.ഇത് കിട്ടിയാൽ അടുത്തമാസത്തോടെ നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനം സർക്കാർ തലത്തിൽ കൈക്കൊള്ളും.ഇന്ധനവില വർദ്ധനയെ തുടർന്ന് നിരക്ക് വർദ്ധന വേണമെന്ന് ഈ മേഖലയിലെ തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ട് വരികയാണ്.ആട്ടോറിക്ഷയുടെ മിനിമം ചാർജ് നിലവിലുള്ള 20 രൂപയിൽ നിന്ന് 25 ആക്കുമെന്നാണ് സൂചന.ടാക്സിയുടേത് 150ൽ നിന്ന് 250 രൂപ ആക്കിയേക്കും.ആദ്യത്തെ ഒന്നര കിലോമീറ്രർ കഴിഞ്ഞാൽ ആട്ടോയ്ക്ക് കിലോമീറ്രറിന് 10 രൂപ എന്നുള്ളത് 13 രൂപയാക്കാനാണ് നീക്കം.മിനിമം ചാർജ് 30 രൂപയും അതിനുശേഷമുള്ള കിലോമീറ്ററിന് 15 രൂപയും വേണമെന്നാണ് ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നത്.ടാക്സിക്ക് ആദ്യ 5 കിലോമീറ്ററിന് ശേഷം 25 രൂപയാക്കണം എന്നാണ് സംഘടനകളുടെ ആവശ്യം.എന്നാൽ, ഇത് 20 രൂപയായി വർദ്ധിപ്പിക്കുമെന്നാണ് സൂചന.നാലു വർഷം മുമ്പാണ് ആട്ടോ ടാക്സി ചാർജ് പുതുക്കിയത്.അന്ന് പെട്രോളിന് കിലോമീറ്രറിന് 68 രൂപയായിരുന്നു വില.ഇപ്പോൾ അത് 86 രൂപയായി.അതേസമയം ഈ വർഷം മാർച്ചിൽ ബസ് ചാർജ് വർദ്ധിപ്പിച്ചിരുന്നു.എന്നാൽ ഡീസൽ വില വർദ്ധനയുടെ പശ്ചാത്തലത്തിൽ ബസ് ചാർജ് വീണ്ടും വർദ്ധിപ്പിക്കണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചർച്ചയിൽ സ്വകാര്യ ബസുടമകളുടെ സംഘടനകൾ നവംബറിൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചിരുന്നു.ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണിത്.ചാർജ് വർദ്ധന ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ നിയോഗിക്കാനും തീരുമാനമായിരുന്നു.എന്നാൽ ആട്ടോ ടാക്സി ചാർജ് വർദ്ധിപ്പിച്ചതിന് ശേഷമേ ബസ് ചാർജ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനമുണ്ടാകൂ എന്നാണ് സൂചന.

Leave a comment