ലോക വ്യാപകമായി അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടും;പ്രശ്നം നേരിട്ടാല്‍ ചെയ്യേണ്ടത്

ലോകവ്യാപകമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്.റഷ്യ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതു കൊണ്ട് കുറച്ചു സമയത്തേക്കു നെറ്റ് വര്‍ക്ക് ബന്ധത്തില്‍ തകരാറുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ലോകത്തെ മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 3.6 കോടി ജനങ്ങളെ മാത്രമാണ് ഇത് ബാധിക്കുക.മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഒരു ശതമാനം മാത്രമാണിത്.ഡിഎന്‍എസ് അപ്‌ഡേറ്റ് ചെയ്യാനുള്ള കാലതാമസത്തിനിടെയാണ് ഇന്റര്‍നെറ്റ് ലഭ്യമാവാതിരിക്കുക.ടെലികോം കമ്പനികളും മറ്റു നെറ്റ് വര്‍ക്ക് കമ്പനികളും രാജ്യാന്തര ഡൊമെയ്‌നുകളിലെ മാറ്റം അപ്‌ഡേറ്റ് ചെയ്യുന്നതോടെ തടസം പരിഹരിക്കപ്പെടും.ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേര്‍സ് (ഐകാന്‍) ആണ് ഡിഎന്‍എസിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത്.

സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതെന്ന് ഐകാന്‍ അധികൃതര്‍ അറിയിച്ചു.ഇന്റര്‍നെറ്റ് പണിമുടക്ക് ഇന്ത്യയെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.എന്നാല്‍ ചില രാജ്യങ്ങളില്‍ പ്രശ്‌നം സംഭവിക്കുമെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാം തിരിച്ചു വരുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

ഇന്റര്‍നെറ്റ് പണിമുടക്ക് നേരിട്ടാല്‍ ചെയ്യേണ്ടത്;
*ബ്രൗസറുകള്‍ ക്ലോസ് ചെയ്ത് ഓപ്പണ്‍ ചെയ്യുക.
*ബ്രൗസറിലെ കുക്കീസ്,ബ്രൗസിങ് ഹിസ്റ്ററി എല്ലാം നീക്കം ചെയ്യുക.
*ഇന്റര്‍നെറ്റ് മോഡം,റൗട്ടറുകള്‍,മറ്റു ഇന്റര്‍നെറ്റ് ഡിവൈസുകള്‍ റീബൂട്ട് ചെയ്യുക.
*കൂടുതല്‍ സമയം ഇന്റര്‍നെറ്റ് ലഭിക്കാതെ വന്നാല്‍ ടെലികോം സേവനദാതാക്കളെ വിളിച്ച് അറിയിക്കുക.