കൊട്ടാരക്കരയിൽ ഗുണമേന്മയില്ലാത്ത കവർപാൽ വിൽപന വ്യാപകമാകുന്നു

കൊട്ടാരക്കര∙നാടൻ ഫാമുകളുടെ പേരിൽ ഗുണമേന്മയില്ലാത്ത കവർപാൽ വിൽപന വ്യാപകമാകുന്നതായി പരാതി.ഏതാനും പശുക്കൾ മാത്രമുള്ള ചില ഫാമുകളിൽ നിന്ന് ആയിരക്കണക്കിനു ലീറ്റർ കവർപാലാണ് വിറ്റഴിയുന്നത്.പല കവറുകളിലും വിലാസം പോലുമില്ല.തമിഴ്നാട്ടിൽ നിന്നു കൃത്രിമ പാൽ എത്തിച്ചു കൂട്ടിക്കലർത്തിയാണ് വിൽപന നടത്തുന്നത്.വ്യക്തമായ വിവരം ലഭിച്ചിട്ടും സർക്കാർ വകുപ്പുകൾ പരിശോധന നടത്തുന്നില്ല.ക്ഷീരവികസന വകുപ്പിന്റെ കണക്ക് പ്രകാരം കിഴക്കൻ മേഖലയിൽ ഏതാനും ഫാമുകളിൽ മാത്രമാണു പത്തിലേറെ പശുക്കൾ ഉള്ളത്.പരമാവധി ഉൽപാദനക്ഷമത കണക്കാക്കിയാൽ പോലും പ്രദേശത്തു മാത്രം വിൽപന നടത്താനുള്ള പാലാണു ലഭ്യമാകുന്നത്.അഡ്രസോ ലേബലോ രേഖപ്പെടുത്താതെയാണ് ഒരു വിഭാഗം ഫാമുകൾ സൂപ്പർമാർക്കറ്റുകളിലും മറ്റു കടകളിലുമായി പാൽ വിൽപന നടത്തുന്നത്.അഡ്രസില്ലാത്ത ഭക്ഷ്യസാമഗ്രികൾ വിൽക്കുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണു നിയമ വ്യവസ്ഥ.ഭക്ഷ്യസുരക്ഷ വകുപ്പാണു നടപടിയെടുക്കേണ്ടത്.പ്രാദേശിക പേരുകളിലും വ്യാജ പാൽ വിപണിയിലെത്തുന്നുണ്ട്.
Credit: Malayala manorama

Leave a comment