ശസ്ത്രക്രിയയെത്തുടർന്ന് യുവതി മരിച്ചു;ചികിത്സപ്പിഴവെന്ന് പരാതി

കൊട്ടാരക്കര:ശസ്ത്രക്രിയയെത്തുടർന്ന് യുവതി മരിച്ചു.കൊട്ടാരക്കര ഇഞ്ചക്കാട് കൈലാസത്തിൽ മഹേഷിന്റെ ഭാര്യ സബിത(34)യാണ് മരിച്ചത്.അടൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്നുകാട്ടി ബന്ധുക്കൾ അടൂർ പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണം തുടങ്ങി.ഏറെക്കാലമായി കുട്ടികളില്ലാതിരുന്നതിനെ തുടർന്നാണ് ദമ്പതിമാർ അടൂരിലെ ആശുപത്രിയിൽ ചികിത്സതേടിയത്.ലാപ്രോസ്‌കോപ്പിക്കായി സ്കാൻ ചെയ്തപ്പോൾ ഉദരത്തിൽ വൻകുടലിനോടുചേർന്ന് മുഴകൾ ഉള്ളതായി കണ്ടെത്തി.ഇതു നീക്കംചെയ്യാനായി താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി.ഇതിനുശേഷം ഉദരവീക്കവും ശ്വാസംമുട്ടലും അനുഭവപ്പെട്ട സബിതയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടെ നടത്തിയ പരിശോധനയിലാണ് വൻകുടലിൽ ദ്വാരമുണ്ടായതായും ഇതിലൂടെ മാലിന്യങ്ങൾ നിറഞ്ഞ് ഉദരത്തിലെ നാല് അവയവങ്ങൾക്ക് അണുബാധയുണ്ടായതായും കണ്ടെത്തിയത്.ശസ്ത്രക്രിയയിലെ പിഴവാണ് കുടലിൽ ദ്വാരമുണ്ടാകാൻ കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഉദരത്തിലെ മാലിന്യങ്ങൾ നീക്കംചെയ്തെങ്കിലും കരളിന്റെ പ്രവർത്തനം നിലയ്ക്കുകയും കഴിഞ്ഞദിവസം സബിത മരണപ്പെടുകയുമായിരുന്നു.ഏഴുലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി കുടുംബത്തിന് ചെലവായത്.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് മഹേഷ് അടൂർ പോലീസിൽ പരാതി നൽകിയത്.സബിതയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.ആന്തരികാവയവങ്ങൾക്കുണ്ടായ അണുബാധയാണ് മരണകാരണമെന്ന് പ്രാഥമിക സൂചനയുള്ളതായി പോലീസ് പറയുന്നു.