കൊല്ലം-തമിഴ്നാട് നാലുവരി ദേശീയപാത;30 മീറ്റർ വീതി കേന്ദ്രം പരിശോധിക്കും

കൊല്ലം:കൊല്ലം-മധുര ദേശീയപാത 30 മീറ്റർ വീതിയിൽ നാലുവരിയാക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിശോധിക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.ഇത് സംബന്ധിച്ചുള്ള നിവേദനം കേന്ദ്ര ഉപരിതല റോഡ്-ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്ഗരിക്ക്‌ നൽകിയതായി മന്ത്രി വ്യക്തമാക്കി.കൊല്ലം ജില്ലയെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയെന്ന നിലയ്ക്ക് പ്രാധാന്യം റോഡിനുണ്ട്.കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ പാതയോടുചേർന്നാണ് പോകുന്നത്.കൂടുതൽ വീതിയിൽ സ്ഥലം എടുക്കുന്നതിനുള്ള സാധ്യത ഇതിനാൽതന്നെ വളരെ കുറവാണ്.കൊല്ലത്തിന്റെ സ്ഥലപരിമിതി സംബന്ധിച്ചുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ 30 മീറ്റർ വീതിയിൽ പദ്ധതി മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയെന്ന്‌ മന്ത്രി അറിയിച്ചു.