കോണ്ഗ്രസ് അധികാരത്തിലേറിയാല് ജി എസ് ടി പൊളിച്ചെഴുതും;രാഹുല്ഗാന്ധി

ഭോപ്പാല്:നരേന്ദ്രമോദി സര്ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്ഗ്രസ് അധ്യക്ഷന് രാഹുല്ഗാന്ധി.മധ്യപ്രദേശിലെ ഭോപ്പാലില് നടന്ന തിരഞ്ഞെടുപ്പ് റാലിയില് റഫാല് കരാറിന്റെ പേരില് മോദിയെ വിമര്ശിച്ച രാഹുല് കേന്ദ്രസര്ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും ചോദ്യം ചെയ്തു.കൃത്യമായ ആസുത്രണമില്ലാത്തെ മോദി സര്ക്കാര് നടപ്പിലാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയുമാണ് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിച്ചതെന്ന് പറഞ്ഞ രാഹുല് കോണ്ഗ്രസ് അധികാരത്തില് തിരിച്ചെത്തിയാല് ജിഎസ്ടി പരിഷ്കരിക്കുമെന്നും വ്യക്തമാക്കി.ഒരു രാജ്യം ഒരു നികുതി എന്ന വിശാലമായ അര്ത്ഥത്തില് കോണ്ഗ്രസ് കൊണ്ടുവന്ന ഏകീകൃത നികുതിയെ മോദി സര്ക്കാര് നശിപ്പിക്കുകയായിരുന്നു.മോദി നടത്തിയ പരിഷ്കാരങ്ങളിലൂടെ ജിഎസ്ടി ഗബ്ബാര് സിംഗ് ടാക്സായി മാറിയെന്നും ഇത് രാജ്യത്തിന്റെ ചെറുകിട വ്യാപാരമേഖലയെ തകര്ത്തെന്നും കോണ്ഗ്രസ് അധ്യക്ഷന് അഭിപ്രായപ്പെട്ടു.കോണ്ഗ്രസ് അധികാരത്തിലേറിയാല് ആദ്യം തന്നെ മോദിയുടെ ഗബ്ബാര്സിംഗ് ടാക്സ് പൊളിച്ചെഴുതും.രാജ്യം ആഗ്രഹിക്കുന്ന യഥാര്ത്ഥ ജി എസ് ടി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനാണെന്ന് ആവര്ത്തിച്ച രാഹുല് റഫാല് കരാറിലൂടെ അംബാനിയുടെ പോക്കറ്റില് 30000 കോടി മോദി ഇട്ടുകൊടുക്കുകയായിരുന്നെന്നും ആരോപിച്ചു.