ബൈക്കും കെഎസ്ആർടിസി ബസും കുട്ടിയിടിച്ച് കത്തി;നെല്ലിക്കുന്നം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കൊച്ചി∙മൂവാറ്റുപുഴയിൽ എംസി റോഡിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു.കൊട്ടാരക്കര നെല്ലിക്കുന്നം പറങ്കിമാംവിള പുത്തൻപുര വീട്ടിൽ അനൂപ്(17)ആണ് മരിച്ചത്.അപകടത്തിനു പിന്നാലെ ബസ് പൂർണമായും കത്തിനശിച്ചു.തൃശൂരിൽ നിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.
ബസിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഉടൻ പുറത്തെത്തിച്ചതിനാൽ വൻദുരന്തം ഒഴിവായി.44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.ഇവർ ഡ്രൈവറും കണ്ടക്ടറും നിർദ്ദേശിച്ചതനുസരിച്ച് ബസിൽ നിന്നിറങ്ങി നിമിഷങ്ങൾക്കകം ബസിൽ തീ പടർന്നു പിടിക്കുകയായിരുന്നു.ബസിനടിയിലേക്ക് ഇടിച്ചുകയറിയ ബൈക്ക് 50 മീറ്ററോളം റോഡിലുരഞ്ഞു തീപ്പൊരിയുണ്ടായതാണ് തീപിടിത്തത്തിന് ഇടയാക്കിയത്.ബൈക്കിന്റെ ടാങ്കിൽ നിന്ന് ഇന്ധനം ചോർന്നതും തീപടരാൻ ഇടയാക്കി.നാലു യൂണിറ്റ് ഫയർ എഞ്ചിനുകളെത്തിയാണ് തീയണച്ചത്.അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു.