പുനലൂരിൽ 9.25 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ദമ്പതികളടക്കം നാല് പേർ പിടിയിൽ

പുനലൂർ:നഗരൂരിന് സമീപം താന്നിക്കോണം ആൽത്തറമുക്കിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 925550 രൂപയുടെ കള്ളനോട്ടുമായി ദമ്പതികളടക്കം നാല് പേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.നഗരൂർ അംബു നിവാസിൽ സതീശൻ (48),ഭാര്യ ആശ എന്ന രാധ(40),അടൂർ വടക്കേടത്ത്കാവ് ഷെമീർ മൻസിലിൽ ഷെമീർ(34),ആര്യനാട് കൃഷ്ണവിലാസത്തിൽ ബിനുകുമാർ(43) എന്നിവരാണ് അറസ്റ്റിലായത്.രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടികൂടിയത്.പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ജൂൺ 30ന് വിളക്കുടി സ്വദേശി സജിൻകുമാർ എന്നയാൾ പുനലൂർ ടി.ബി ജംഗ്ഷന് സമീപത്തെ ബാറിൽ മദ്യപിച്ച ശേഷം 2000 രൂപയുടെ കള്ളനോട്ട് മാറിയെടുത്തതായി പുനലൂർ പൊലീസിൽ ബാർ മാനേജർ പരാതി നൽകിയിരുന്നു.പൊലീസ് പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ അടൂർ സ്വദേശി ഷെഫിൻ,വിഷ്ണു എന്നിവരാണ് തനിക്ക് പണം നൽകിയതെന്ന് വെളിപ്പെടുത്തി.തുടർന്ന് ഒളിവിൽ കഴിഞ്ഞ രണ്ട് പേരെയും അടൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.ഇവരെ ചോദ്യം ചെയ്തപ്പോൾ ഷെമീർ,കുന്നിക്കോട് സ്വദേശി ടോണി എന്നിവരും വെമ്പായം സ്വദേശി ബിനുകുമാറുമാണ് കള്ളനോട്ട് നൽകിയതെന്ന് മൊഴി നൽകി.തുടർന്ന് ബിനുകുമാറിന്റെ വെമ്പായത്തെ വീട്ടിലെത്തിയ പൊലീസ് ഒരു ലക്ഷം രൂപയുടെ കളളനോട്ടുമായി ഇയാളെയും അറസ്റ്റ് ചെയ്തു.ബിനുവിന് വ്യാജ കറൻസി നൽകിയത് ആശ എന്ന രാധയാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.പിന്നീട് 825550 രൂപയുടെ കള്ളനോട്ടുമായി രാധയെയും ഭർത്താവ് സതീശനെയും പിടികൂടി.ഇവരെ ചോദ്യം ചെയ്തതിൽ വാമനപുരം സ്വദേശിയായ സുനിലാണ് വ്യാജ കറൻസികൾ നൽകിയിതെന്ന് അറിയാൻ കഴിഞ്ഞു.

ഒരു ലക്ഷം രൂപയുടെ വ്യാജ കറൻസി കൈമാറിയാൽ 5000 രൂപയുടെ ഒറിജിനൽ നോട്ട് ഏജന്റുമാർക്ക് നൽകുന്നതാണ് ഇവരുടെ രീതി.ഒളിവിൽ പോയ ഇയാളെ പിടികൂടിയാലേ അന്തർ സംസ്ഥാന കളളനോട്ട് സംഘവുമായി ഇവർ‌ക്ക് ബന്ധമുണ്ടോ എന്നറിയാൻ സാധിക്കൂ എന്ന് പൊലീസ്‌ പറഞ്ഞു.പുനലൂർ ഡിവൈ.എസ്.പി.എം.അനിൽകുമാർ,സി.ഐ ബിനുകുമാർ, എസ്.ഐമാരായ ജെ. രാജീവ്,കെ.ദിലീപ്,സി.പി.ഒമാരായ ശ്രീലാൽ,ജോസഫ്,സരസ്വതി,ജോസഫ്,ഷെമീർ,ശബരി,അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുിളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.