നഷ്ടം നികത്തേണ്ടത് ശബരിമല തീർഥാടകരിൽ നിന്നല്ല;കെ.എസ്.ആർ.ടി.സിക്കെതിരെ ദേവസ്വം ബോർഡ്

ശബരിമല തീർത്ഥാടകരിൽ നിന്ന് കെഎസ്ആര്ടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോർഡ്.ആവശ്യമെങ്കിൽ ബസ് വാടകക്ക് എടുത്ത് സ്വന്തം നിലക്ക് സർവ്വീസ് നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു.നിലക്കൽ നിന്ന് പമ്പ ത്രിവേണിവരെ 9 രൂപയാണ് കെഎസ്ആർടിസി വർധിപ്പിച്ചത്.കഴിഞ്ഞ വർഷം 31 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് 40 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്.പ്ലാപ്പള്ളിയിൽ നിന്നുള്ള നിരക്കെന്നാണ് ടിക്കറ്റിൽ രേഖപെടുത്തിയിരിക്കുന്നത്.ഏകപക്ഷീയമായാണ് നിരക്ക് കൂട്ടിയതെന്നും കെഎസ്ആർടിസിയുടെ നഷ്ടം നികത്താൻ ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യേണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു.നിരക്ക് കുറക്കണമെന്നും കൂപ്പൺ സംവിധാനം കൊണ്ട് വരണമെന്നും ദേവസ്വം ബോർഡ് ഗതാഗത മന്ത്രിയോടും കെഎസ്ആർടിസി എംഡിയോടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിരക്ക് വർധന.50 ബസുകളാണ് കന്നിമാസ പൂജാ ദേവസങ്ങളിൽ നിലക്കൽ പമ്പ സർവ്വീസ് നടത്തുന്നത്.ലോ ഫ്ലോർ,എസി ബസ്സുകളിലും ആനുപാതികമായി നിരക്ക് കെഎസ്ആർടിസി വർധിപ്പിച്ചിട്ടുണ്ട്.പ്രളയം ചൂണ്ടികാട്ടി സന്നിധാനത്തെ കച്ചവടക്കാർ അമിത വില ഈടാക്കിയാൽ നടപടി ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.