കനിവോടെ കൊല്ലം:കൊട്ടാരക്കര താലൂക്കിൽ സമാഹരിച്ചത് 3.12 കോടി രൂപ

കൊട്ടാരക്കര:പ്രളയദുരിതബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടിയുള്ള കനിവോടെ കൊല്ലം പരിപാടിക്ക് കൊട്ടാരക്കരയിൽ മികച്ച പ്രതികരണം.കൊട്ടാരക്കരയിലും കടയ്ക്കലിലുമായി നടന്ന ധനസമാഹരണ യജ്ഞത്തിൽ 3.12 കോടി രൂപയും പത്ത് സെന്റ് സ്ഥലവും ലഭിച്ചു.കൊട്ടാരക്കര സിവിൽ സ്റ്റേഷനിൽ 2,12,12,234 രൂപയും കടയ്ക്കൽ മിനി സിവിൽ സ്റ്റേഷനിൽ 1,00,58,338 രൂപയുമാണ് ലഭിച്ചത്.ചെറുപൊയ്ക ചാത്തനല്ലൂർ വീട്ടിൽ സഹോദരങ്ങളായ ഗോപാലകൃഷ്ണപിള്ളയും രാധാകൃഷ്ണപിള്ളയുമാണ് സ്ഥലം സംഭാവന ചെയ്തത്.വ്യക്തികൾ, സംഘടനകൾ,ക്ലബ്ബുകൾ, ഗ്രാമപ്പഞ്ചായത്തുകൾ,വ്യാപാര സ്ഥാപനങ്ങൾ,സഹകരണ ബാങ്കുകൾ തുടങ്ങിയവയെല്ലാം ധനസഹായവുമായെത്തി.

ചെങ്ങമനാട് ബി.ആർ.എം.സെൻട്രൽ സ്കൂൾ പി.ടി.എ.2,10,000 രൂപ സംഭാവന ചെയ്തു.കടയ്ക്കൽ എ.ബി.എസ്. ക്രഷർ ഉടമ ഏബ്രഹാം അഞ്ചുലക്ഷം രൂപ നൽകി.മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കൊട്ടാരക്കരയിൽ അയിഷാപോറ്റി എം.എൽ.എ.യും കടയ്ക്കലിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ.യും അധ്യക്ഷരായി.കളക്ടർ ഡോ. എസ്.കാർത്തികേയൻ,ബ്ലോക്ക്,ഗ്രാമപ്പഞ്ചായത്ത്,നഗരസഭാ ഭാരവാഹികൾ,തഹസിൽദാർമാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
credit:mathrubhumi