ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല് താല്ക്കാലികമായി സ്ഥാനമൊഴിഞ്ഞു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല് താല്ക്കാലികമായി സ്ഥാനമൊഴിഞ്ഞു.ഇതിന്റെ ഭാഗമായി ചുമതലകള് രണ്ട് സഹായ മെത്രാന്മാര്ക്ക് കൈമാറി.ചോദ്യം ചെയ്യപ്പെടാന് കേരളത്തിലേക്ക് വിളിക്കപ്പെടാന് സാധ്യതയുള്ളതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല് വ്യക്തമാക്കുന്നത്.ജലന്ധര് രൂപതയുടെ ആഭ്യന്തര സര്ക്കുലറിലൂടെയാണ് ഇക്കാര്യങ്ങള് വ്യക്തമാക്കിയിരിക്കുന്നത്.തനിക്കു വേണ്ടിയും ഇരയ്ക്കു വേണ്ടിയും പ്രാര്ത്ഥിക്കണമെന്നും സര്ക്കുലറില് ബിഷപ്പ് അഭ്യര്ത്ഥിക്കുന്നു.ദൈവത്തിന്റെ മഹത്തായ ഇടപെടല് സത്യം പുറത്തു കൊണ്ടുവരും.ഹൃദയങ്ങളെ സത്യപാതയിലേക്ക് നയിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല് പറയുന്നു.ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില് വത്തിക്കാനിലേക്ക് അയച്ച കത്തിനെ തുടര്ന്നാണ് നടപടി.ഫാദര് മാത്യു കോക്കണ്ടത്തിന് രൂപതയുടെ താല്ക്കാലിക ചുമതല.ജലന്ധര് ബിഷപ്പ് രാജി വെച്ച വാര്ത്ത കന്യാസ്ത്രീകളുടെ സമരപ്പന്തലില് സമര സമിതി ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു.വാര്ത്തയെ ആഹഌദത്തോടെയാണ് സമരത്തിലുള്ളവര് സ്വീകരിച്ചത്.അതേസമയം പൂര്ണ്ണമായി ബിഷപ്പ് പദവി എടുത്തു മാറ്റുന്നതിന് വത്തിക്കാന് മാത്രമേ അധികാരമുള്ളൂ എന്നതിനാല് ഫ്രാങ്കോ മുളയ്ക്കല് താല്ക്കാലികമായി ചുമതലയൊഴിയുക മാത്രമാണെന്നും അതിനാല് ഇത് പൂര്ണ്ണ വിജയമാണെന്ന് പറയാന് കഴിയില്ലെന്നും സമരം നടത്തുന്ന കന്യാസ്ത്രീകള് പ്രതികരിച്ചു.അന്വേഷണം നേരിട്ടുന്നതിന്റെ ഫാങ്കോ മുളയ്ക്കല് കേരളത്തിലേക്ക് വരുന്നു എന്നു മാത്രമേ കണക്കാക്കാന് കഴിയൂ എന്നും കന്യാസ്ത്രീകള് പ്രതികരിച്ചു.ബിഷപ്പ് സ്ഥാനമൊഴിഞ്ഞാലും സഭയുടെ പിന്തുണയോടെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള് ഇനിയും ഉണ്ടായേക്കുമെന്ന ആശങ്കയും സമരം നടത്തുന്ന കന്യാസ്ത്രീകള് പങ്കുവെയ്ക്കുന്നുണ്ട്.വരും മണിക്കൂറുകളില് ഇതു സംബന്ധിച്ച് കൂടുതല് പ്രതികരണങ്ങള് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.