കേടുപാടുകൾ പറ്റിയ നോട്ടുകളുടെ കൈമാറ്റം:പുതിയ നിയമവുമായി ആർ.ബി.ഐ

മുംബൈ:കീറിയതോ കേടുപാടുകൾ സംഭവിച്ചതോ ആയ കറൻസി നോട്ടുകൾ മാറ്റുന്നതിനുള്ള നിയമങ്ങളിൽ റിസർവ് ബാങ്ക് ഭേദഗതി വരുത്തി.2,000 രൂപയുടെയും 200 രൂപയുടെയും നോട്ടുകളും മറ്റ് നോട്ടുകളും മാറി എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിലാണ് മാറ്റംകൊണ്ടുവന്നത്.ഇത് ഉടൻ തന്നെ പ്രാബല്യത്തിൽ വന്നേക്കും.മഹാത്മാഗാന്ധി സിരീസിലെ പുതിയ നോട്ടുകൾ മാറ്റി എടുക്കുന്നതിനായി 2009-ലെ ആർ.ബി.ഐ.നോട്ട് റീഫണ്ട് നിയമങ്ങളിലാണ് ഭേദഗതി വരുത്തുന്നത്.പുതിയ നിയമപ്രകാരം കേടുപാടുകൾ വന്നതിനാൽ ബാങ്കുകൾ നിരസിച്ച നോട്ടുകൾ രാജ്യത്തുടനീളമുള്ള ആർ.ബി.ഐ.ഓഫീസുകളിലോ നിർദിഷ്ട ബാങ്ക് ശാഖകളിലോ മാറി എടുക്കാനാകും.രൂപയുടെ അവസ്ഥയ്ക്കനുസരിച്ച് പകുതി മൂല്യമോ മുഴുവൻ മൂല്യമോ ലഭിക്കും.2016 നവംബറിലെ നോട്ടുനിരോധനത്തിന് ശേഷം 200 രൂപ,2,000 രൂപ നോട്ടുകൾക്ക് പുറമെ 10,20,50,100,500 രൂപകളുടെ പുതിയ നോട്ടുകൾ ആർ.ബി.ഐ.ഇറക്കിയിട്ടുണ്ട്.