കൊല്ലം ജില്ലയിൽ എലിപ്പനി ബാധിച്ചവരുടെ എണ്ണം ഒൻപത് ആയി

ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയിൽ എലിപ്പനി ബാധിച്ചവരുടെ എണ്ണം ഒൻപതായി.കൊറ്റങ്കര,ഉമ്മന്നൂർ,പെരിനാട്,ശൂരനാട് നോർത്ത് എന്നീ മേഖലകളിൽ നിന്നു പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള നാലുപേർ ഉൾപ്പെടെ 10 പേർക്കു രോഗബാധയുണ്ടെന്നു സംശയിക്കപ്പെടുന്നു.പുനലൂർ, കരുനാഗപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികളിലും പാരിപ്പള്ളി മെഡിക്കൽ കോളജിലും കൊല്ലം പബ്ലിക് ഹെൽത്ത് ലാബിലും സാംപിളുകൾ പരിശോധിക്കുന്നതിനു പുറമേ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കൽ ഓഫിസും ചേർന്നു നടത്തുന്ന സഞ്ചരിക്കുന്ന ബോധവൽക്കരണ പരിപാടി ഡോക്സി വാഗൺ ജില്ലയിൽ ഇന്നു മുതൽ പര്യടനം നടത്തും.രാവിലെ 10.30നു കലക്ടറേറ്റ് വളപ്പിൽ കലക്ടർ ഡോ.എസ്.കാർത്തികേയൻ പര്യടനം ഫ്ലാഗ് ഓഫ് ചെയ്യും.എലിപ്പനി റിപ്പോർട്ട് ചെയ്ത മേഖലകളിലാണു വാഹനം എത്തുക.വിഡിയോ പ്രദർശനം,ബോധവൽക്കരണം, ആവശ്യക്കാർക്കു ഡോക്സിസൈക്ലിൻ ഗുളിക വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടക്കും.പര്യടനം നാലു ദിവസം നീണ്ടുനിൽക്കും.