സാധാരണക്കാർക്ക് തപാൽ ബാങ്ക് വഴി ലഭിക്കുന്ന സേവനങ്ങൾ

സാധാരണക്കാർക്ക് അധിക സേവന നിരക്കുകളില്ലാതെ മികച്ച ബാങ്കിങ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് തപാൽ വകുപ്പിനു കീഴിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്കിനു (ഐ.പി.പി.ബി.)ള്ളത്.ഡിജിറ്റൽ സേവിങ്സ് അക്കൗണ്ടുകൾ മുതൽ പണം കൈമാറ്റം വരെയുള്ള നിരവധി സേവനങ്ങളാണ് ഐ.പി.പി.ബി.ജനങ്ങൾക്കായി ഒരുക്കുന്നത്.കേരളത്തിൽ 14 ശാഖകൾ ഉൾപ്പെടെ രാജ്യത്ത് 650 ശാഖകളാണ് ഐ.പി.പി.ബി.ക്ക് ഉള്ളത്.ഡിസംബർ 31-ഓടെ 1.55 ലക്ഷം തപാൽ ഓഫീസുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

കേരളത്തിലെ ശാഖകൾ-തിരുവനന്തപുരം,കൊല്ലം,റാന്നി, ആലപ്പുഴ,കട്ടപ്പന,കോട്ടയം,ഇടപ്പള്ളി, തൃശ്ശൂർ,പാലക്കാട്,പെരിന്തൽമണ്ണ, കോഴിക്കോട്,മാനന്തവാടി,കണ്ണൂർ, ഉപ്പള എന്നിവിടങ്ങളിലാണ് കേരളത്തിൽ ആദ്യഘട്ടത്തിൽ സേവനമൊരുക്കുന്നത്.എങ്ങനെ അക്കൗണ്ട് തുറക്കാം?ഐ.പി.പി.ബി ശാഖകൾ വഴി നേരിട്ടും www.ippbonline.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും അക്കൗണ്ട് തുറക്കാനാകും.18 വയസ്സ് പൂർത്തിയായവർക്ക് കെ.വൈ.സി.വിവരങ്ങൾ നൽകി ഐ.പി.പി.ബി.യുടെ മൊബൈൽ ആപ്പ് വഴിയും ഇടപാടുകൾ നടത്താം. സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ വേണ്ട കുറഞ്ഞ പ്രായം 10 വയസ്സാണ്.

എന്തൊക്കെ സേവനങ്ങൾ ലഭ്യമാകും? സേവിങ്സ് ബാങ്ക് (എസ്.ബി.)അക്കൗണ്ടുകൾ, കറന്റ് അക്കൗണ്ടുകൾ,ഐ.പി.പി.ബി. മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട്്,പണം കൈമാറ്റം തുടങ്ങിയ സേവനങ്ങൾ ഐ.പി.പി.ബി.ലഭ്യമാക്കുന്നുണ്ട്.ഭാരത് ബിൽ പെയ്മെന്റ് സംവിധാനത്തിലൂടെ നൂറിലധികം ബില്ലുകൾ അടയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളും ഐ.പി.പി.ബി.യുമായി ബന്ധിപ്പിക്കാനാകും.ക്യു.ആർ. കോഡ് കാർഡ്
ഐ.പി.പി.ബി.എല്ലാ അക്കൗണ്ട് ഉടമകൾക്കും ക്യു.ആർ.കോഡുള്ള ഒരു കാർഡ് നൽകും.ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽനിന്ന് വ്യത്യസ്തമാണ് ഈ കാർഡ്.അക്കൗണ്ട് നമ്പരോ പാസ്വേർഡോ ഇല്ലാതെതന്നെ ഈ ക്യു.ആർ.കോഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താം.

വായ്പ ലഭിക്കില്ല-പെയ്മെന്റ്സ് ബാങ്കിൽനിന്ന് വായ്പ ലഭിക്കില്ല.ഇതിന് റിസർവ് ബാങ്കിന്റെ നിയന്ത്രണമുണ്ട്.എന്നാൽ, പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് ഐ.പി.പി.ബി.യിലെ ഇടപാടുകാർക്ക് വായ്പ ലഭ്യമാക്കും.പി.എൻ.ബി.യുടെ ഏജന്റായി ഐ.പി.പി.ബി.പ്രവർത്തിച്ചുകൊണ്ടായിരിക്കുമിത്.മിനിമം ബാലൻസ് വേണ്ട.അക്കൗണ്ട് ആരംഭിക്കുന്നതിന് മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല.സേവിങ്സ് അക്കൗണ്ടിൽ നാലു ശതമാനം പലിശ ലഭിക്കും.പരമാവധി നിക്ഷേപ തുക 1,00,000 രൂപയാണ്.അതേസമയം കറന്റ് അക്കൗണ്ടുകൾ തുടങ്ങുന്നതിനു വേണ്ട മിനിമം ബാലൻസ് 1,000 രൂപയാണ്.നിക്ഷേപത്തിന് പലിശ ലഭിക്കില്ല.കൂടിയ നിക്ഷേപം 1,00,000രൂപ.വ്യക്തികളിൽനിന്ന് ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപം സ്വീകരിക്കാനാണ് പെയ്മെന്റ്സ് ബാങ്കുകൾക്ക് അനുമതിയുള്ളതെങ്കിലും ഐ.പി.പി.ബി.ഇടപാടുകാർക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപം അക്കൗണ്ടുമായി ബന്ധിപ്പിച്ച പോസ്റ്റൽ സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റാൻ അവസരമുണ്ട്.