ആത്മീയതയുടെ മറവിൽ ലൈംഗീക പീഡനം;വ്യാജ സിദ്ദൻ അറസ്റ്റിൽ

കൊണ്ടോട്ടി:ആത്​മീയതയുടെ മറവിൽ ലൈംഗിക പീഡനവും തട്ടിപ്പും നടത്തിയ വ്യാജസിദ്ധൻ അറസ്​റ്റിൽ.യുവതിയെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ചൂഷണം ചെയ്​ത സംഭവത്തിലാണ്​ കരിപ്പൂർ പുളിയംപറമ്പ്​ പൂക്കുലക്കണ്ടി ബൈത്തുനൂറഹ്​മത്ത്​ എം.കെ.അബ്​ദുറഹ്​മാൻ തങ്ങളെ(36)കൊണ്ടോട്ടി പൊലീസ്​ അറസ്​റ്റ്​​ ചെയ്​തത്.കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളിലുമായി ഇയാൾ പ്രാർഥനസമ്മേളനങ്ങൾ നടത്തിയിരുന്നു​.നാലുവർഷം മുമ്പ് വരെ കൊണ്ടോട്ടി മേലങ്ങാടി മങ്ങാട്ടുപീടികയിലായിരുന്നു താമസം.നാട്ടുകാരിൽ ചിലരു​ടെ എതിർപ്പിനെ തുടർന്നാണ്​ കരിപ്പൂർ പുളിയംപറമ്പിലേക്ക്​ മാറിയത്.ഇതിനിടെയാണ്​ അസുഖങ്ങളുമായെത്തിയ യുവതിയുടെ ചികിത്സ മാറ്റാനെന്ന പേരിൽ ഇവരെ ചൂഷണം ചെയ്​തത്​.

17 വയസ്സുള്ള മകളെ വിവാഹം കഴിക്കാൻ ദിവ്യദർശനം ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെയും കുട്ടികളെയും വശീകരിച്ച് കൊണ്ടുപോയത്.അനുയായിയും തിരുവനന്തപുരത്തെ ഇൻഫോ പാർക്കിൽ ജീവനക്കാരനുമായ വ്യക്​തിയുടെ സഹായത്തോടെയായിരുന്നു ഇത്​.സിദ്ധനെ അനുസരിച്ചില്ലെങ്കിൽ ഭർത്താവി​​െൻറ ബിസിനസ് നഷ്​ടത്തിലാകുമെന്നും യുവതിക്ക് മാറാരോഗങ്ങൾ വരുമെന്നും പറഞ്ഞാണ്​ ഭീഷണിപ്പെടുത്തിയത്.പോലീസ് അന്വേഷണം ഉൗർജിതമായതോടെ ഇവരെ മടക്കിയയച്ചു.യുവതി സംഭവങ്ങൾ പോലീസിനോട്​ പറഞ്ഞതോടെ സിദ്ധൻ നാടുവിട്ടു.അജ്മീർ, കൊല്ലം, കാസർകോട്, നാഗൂർ, മുപ്പേട്ട, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. കഴിഞ്ഞദിവസം കൊണ്ടോട്ടിയിലെത്തിയതോടെയാണ്​ അറസ്​റ്റ്​.2016ൽ ഇയാൾ യുവതിയെ പീഡിപ്പിച്ച്​ നഗ്​ന ചിത്രങ്ങളെടുത്തിരുന്നതായും പൊലീസ്​ പറഞ്ഞു.സ്ത്രീപീഡനം, ബലാത്സംഗം,തട്ടിക്കൊണ്ടുപോകൽ,മനുഷ്യക്കടത്ത്,പോക്സോ നിയമങ്ങൾ പ്രകാരം കേസെടുത്തതായി ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ പറഞ്ഞു.ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.മുഹമ്മദ് ഹനീഫ,അന്വേഷണ സംഘാംഗങ്ങളായ ദിനേശ് കുമാർ,സന്തോഷ്,തുളസി,സബീർ എന്നിവരാണ് പിടികൂടിയത്.കൂട്ടാളി ഒളിവിലാണ്​.