യു.എ.ഇയുടെ സഹായം: വിദേശസംഭാവന വേണ്ടെന്ന നയം മാറ്റില്ലെന്ന് കേന്ദ്രം

ദില്ലി: വിദേശരാജ്യങ്ങളില്‍ നിന്നുള്ള സംഭാവന സ്വീകരിക്കേണ്ടതില്ലെന്ന നയം മാറ്റേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ യുഎഇയില്‍ നിന്നുള്ള 700 കോടിയുടെ സാന്പത്തിക സഹായം കേരളത്തിനു ലഭിക്കാനുള്ള സാധ്യതകള്‍ കുറഞ്ഞു.

വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം പതിനഞ്ച് വര്‍ഷം മുന്‍പാണ് ഇന്ത്യ സ്വീകരിച്ചത്. ഈ നയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. അതേസമയം വ്യക്തിപരമായി യുഎഇ ഭരണാധികാരികള്‍ക്ക് ഇന്ത്യയെ സഹായിക്കാം എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് യുഎഇ ഇന്ത്യയ്ക്ക് 700 കോടിയുടെ സാന്പത്തികസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദേശരാജ്യങ്ങളുടെ സംഭാവനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ നയം അനുസരിച്ച് ഈ സഹായം കേരളത്തിന് കിട്ടില്ല എന്ന സ്ഥിതി വന്നു. ഇതിനെതിരെ വന്‍തോതില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വിഷയം കേന്ദ്രസര്‍ക്കാര്‍ വീണ്ടും പരിശോധിച്ചത്.