പ്രളയക്കെടുതിയിൽ കേരളം;‘അശ്ലീല’ കമന്റിട്ട മലയാളിയെ ലുലു പുറത്താക്കി

മസ്കത്ത് ∙ പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ എല്ലാവരും ചേർത്തു നിർത്തിയപ്പോൾ സമൂഹമാധ്യമത്തിൽ അപഹാസം നിറഞ്ഞ കമന്റുമായി എത്തിയ യുവാവിന് ജോലി നഷ്ടമായി. ഒമാനിലെ ബോഷറിലുള്ള ലുലു ഹൈപ്പർമാർക്കറ്റിലെ ക്യാഷിയറായ സി.പി. രാഹുലിനാണ് ജോലി നഷ്ടമായത്.

സമൂഹമാധ്യമത്തില് നാപ്കിൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റിനു കീഴെയാണ് ഇയാൾ അശ്ലീല ചുവയോടെയുള്ള മറുപടി പോസ്റ്റ് ചെയ്തത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന്, ക്ഷമാപണവുമായി ഇയാൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ, സമൂഹമാധ്യമത്തിൽ മോശം പരാമർശം നടത്തിയതിന്റെ പേരിൽ രാഹുലിനെ ഉടൻ തന്നെ ജോലിയിൽ നിന്നും നീക്കം ചെയ്യുന്നുവെന്ന് ലുലു അധികൃതർ അറിയിച്ചു. ഔദ്യോഗികമായ എല്ലാ ഉത്തരവാദിത്തങ്ങളും റിപ്പോർട്ടിങ് മാനേജരെ ഏൽപ്പിച്ചശേഷം കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അവസാനിപ്പിക്കണമെന്നും രാഹുലിനോട് ലുലു അധികൃതർ ആവശ്യപ്പെട്ടു.