മഴക്കെടുതി;പുനലൂരിൽ 67 വീടുകൾ തകർന്നു,892 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുനലൂർ:ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയ്ക്ക് ഇന്നലെ നേരിയ ശമനമുണ്ടായെങ്കിലും പുനലൂർ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്.മഴ കുറഞ്ഞിട്ടും വെള്ളം ഇറങ്ങാത്തതിനാൽ 892 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.67 വീടുകൾക്ക് നാശം സംഭവിച്ചു.തെന്മല പരപ്പാർ അണക്കെട്ടിൽ നിന്ന് കല്ലടയാറ്റിലൂടെ വെള്ളം തുറന്ന് വിടുന്നതിനാലാണ് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങാത്തത്.

താലൂക്കിലെ ആര്യങ്കാവ്, അച്ചൻകോവിൽ, തെന്മല, ഇടപ്പാളയം, തേവർകാട്, കുളത്തൂപ്പുഴ, കല്ലുവെട്ടാംകുഴി, ചോഴിയക്കോട്, കലംങ്ങുംമുക്ക്, തൊളിക്കോട്,ഇടമൺ, ഉറുകുന്ന്, ആനപെട്ടകോങ്കൽ, നെല്ലിപ്പള്ളി, വാളക്കോട്,പോപ്പർമിൽ,ടൗൺ എൽ.പി.എസ്,നെല്ലിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
ഇന്നലെ നേരിയതോതിൽ മാത്രമാണ് മഴ പെയ്തത്.എന്നാൽ കല്ലട, അച്ചൻകോവിൽ,കഴുതുരുട്ടി, ശെന്തുരുണി,ചാലിയക്കര ആറുകൾ നിറഞ്ഞ് ഒഴുകുകയാണ്.പുനലൂർ എം.എൽ.എ റോഡ്, തൊളിക്കോട്, പിറയ്ക്കൽ തുടങ്ങി നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്.എം.എൽ.എ റോഡിനോട് ചേർന്ന സ്വകാര്യ ആശുപത്രിയിൽ വെള്ളം കയറിയതിനാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്കും വിടുകളിലേക്കും മാറ്റി.ഇതിൽ ശസ്ത്രക്രിയ കഴിഞ്ഞവരെ വള്ളത്തിൽ കയറ്റിയാണ് പുനലൂർ – അഞ്ചൽ റോഡിൽ എത്തിച്ചത്.
നാല് ദിവസമായി എം.എൽ.എ റോഡിലും സമീപ വിടുകളിലും, സ്ഥാപനങ്ങളിലും വെള്ളം കയറിയതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്.വെള്ളം ഇറങ്ങാത്തതിനാൽ അഞ്ചൽ – പുനലൂർ പാത വഴിയുളള ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല.ദേശീയപാതയിലെ പുനലൂർ-ചെങ്കോട്ട റോഡിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പുനലൂർ നഗരസഭാ പ്രദേശങ്ങൾക്ക് പുറമെ ആര്യങ്കാവ്, അച്ചൻകോവിൽ, ഒറ്റക്കൽ, ഐക്കരക്കേണം,കരവാളൂർ അടക്കമുളള താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്.മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ദുരിതമേറും. പുനലൂർ ടൗണിലെ ഭൂരിഭാഗം സ്ഥലങ്ങളിലും രണ്ട് ദിവസമായി വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ വീശിയടിച്ച കാറ്റിൽ വൃക്ഷങ്ങൾ കടപുഴകി ലൈനിൽ വീണാണ് വൈദ്യുതി വിതരണം താറുമാറായത്.