വിവാഹം മാറ്റിവച്ച് കല്യാണപ്പന്തൽ ദുരിതാശ്വാസ ക്യാമ്പാക്കി;യുവാവിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടി

കോട്ടയം: കേരളം ഇന്ന് പോരാടുകയാണ്,പ്രളയത്തോടും മഴക്കെടുതിയോടും.രക്ഷാപ്രവർത്തനത്തിൽ കേന്ദ്ര സേനയും സർക്കാർ ഏജൻസികളും സന്നദ്ധ സംഘടനകളും എല്ലാം രംഗത്തുണ്ട്.പ്രളയക്കെടുതിയിലകപ്പെട്ട 82,442 പേരെയാണ് ഇന്ന് പകൽ രക്ഷിച്ച് സുരക്ഷിതകേന്ദ്രങ്ങളിൽ എത്തിച്ചത്.കൂടാതെ ആഘോഷങ്ങൾ എല്ലാം മാറ്റിവച്ച് കേരളത്തിന്റെ കണ്ണീരൊപ്പാനും എല്ലാവരുമുണ്ട്.വിവാഹം അടക്കമുള്ള ചടങ്ങുകളും പലരും മാറ്റിവച്ചിട്ടുണ്ട്.

അങ്ങനെ വിവാഹം മാറ്റിവച്ച കോട്ടയം ജില്ലയിലെ നിലംപേരൂരിലുള്ള കെ.ജെ ജയദീപിന്റെ പ്രവൃത്തി കണ്ട് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.വിവാഹം മാറ്റിവച്ച അദ്ദേഹം വിവാഹത്തിനായി ഒരുക്കിയ കല്യാണവീട് ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റിയിരിക്കുകയാണ്.വീടിന്റെ സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതിനെ തുടർന്നാണ് ആഗസ്റ്റ് 19ന് നിശ്ചയിച്ചിരിക്കുന്ന വിവാഹം മാറ്റിവച്ചത്.
കല്യാണത്തിനൊരുക്കിയ പന്തലിന് താഴെ ഇപ്പോൾ ദുരിതബാധിതർക്കുള്ള ഭക്ഷണമുണ്ടാക്കുകയാണ് ജയദീപും കൂട്ടരും.ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് അദ്ദേഹം ഇപ്പോൾ മുൻപന്തിയിലുണ്ട്.