പുനലൂരിൽ നൂറിലധികം വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി

പുനലൂർ:തെന്മല ഡാം തുറന്നു വിട്ടപ്പോൾ കല്ലടയാർ കര കവിഞ്ഞതിലൂടെ ഏറ്റവും ദുരിതം ഉണ്ടായത് പുനലൂരിൽ.നൂറിലധികം വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി.നൂറോളം രോഗികളും കൂട്ടിരിപ്പുകാരും സ്വകാര്യ ആശുപത്രിയിൽ ഒറ്റപ്പെട്ടു.ദേശീയപാതയിൽ പുനലൂർ–ആര്യങ്കാവ് പാതയിൽ ഗതാഗതം നിരോധിച്ചു.

ഡാമിന്റെ ഷട്ടർ എട്ടടി ഉയർത്തിയതോടെ ബുധൻ പുലർച്ചെ മുതലാണു കല്ലടയാർ രൗദ്രഭാവത്തിൽ കര കവിഞ്ഞത്. എംഎൽഎ റോഡിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ വെള്ളത്തിനടിയിലായി.വെട്ടിപ്പുഴത്തോട് നദിയായി.പുനലൂർ–അഞ്ചൽ റൂട്ടിലെ തൊളിക്കോട് അടുക്കളമൂല ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ഈ പാതയിൽ ഗതാഗതം നിരോധിച്ചു.മണിയാർ പ്രദേശവും ഒറ്റപ്പെട്ടു.

ടിബി ജംക്‌ഷൻ ഐക്കരക്കോണം പാതയിൽ വെള്ളം കയറിയതു മൂലം ഐക്കരക്കോണം കക്കോട് മേഖലയും ഒറ്റപ്പെട്ടു. ഒടുവിൽ നഗരസഭയുടെ ബോട്ട് എത്തിയാണ് ജനങ്ങളെ മാറ്റിയത്.വിളക്കുടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി സ്‌ഥിതിചെയ്യുന്ന പെരുന്തോട്ടം വള്ളക്കടവ് പ്രദേശങ്ങളിൽ നിന്നു 34 കുടുംബങ്ങളിലെ നൂറോളം പേരെ പുനലൂർ പേപ്പർമിൽ ഗവ.യുപി സ്കൂളിലേക്കു മാറ്റി.

താലൂക്കിൽ 16 വീടുകൾ ഭാഗികമായി തകർന്നു പുനലൂർ താലൂക്കിൽ ആകെ 15 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.ആര്യങ്കാവ് വില്ലേജിൽ മാത്രം ആറെണ്ണമാണു തുറന്നത്.പുനലൂർ തൊളിക്കോട് ഗവ.എൽപിഎസിൽ അറുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.കലുങ്ങുംമുകളിൽ ഏഴു കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു.വാളക്കോട് വില്ലേജിലുള്ള രണ്ട് കുടുംബങ്ങളെ കൂടി തൊളിക്കോട് എൽപിഎസിൽ എത്തിച്ചിട്ടുണ്ട്.