കല്ലടയാർ കരകവിഞ്ഞ് ഒഴുകുന്നു;കൊട്ടാരക്കര താലൂക്കിൽ 6 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു

കൊട്ടാരക്കര താലൂക്കില്‍ 6 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.അപകട സാധ്യതയുള്ള സ്ഥലങളില്‍ നിന്നും ഇവിടേക്ക് ആളുകളെ മാറ്റി പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.പവിത്രേശ്വരം പഞ്ചായത്തിലെ ചെറു പെയ്ക ഗവ:എല്‍.പി.എസ്, താഴം എന്‍.എസ്എ.സ് കരയോഗ മന്ദിരം,കരിമ്പിന്‍പുഴ അങ്കനവാടി,ശിവോദയം ക്ലബ്ബ് ചെറുചെയ്ക,ഗവ:എല്‍.പി.എസ്എ കരിക്കല്‍,കുളക്കട പഞ്ചായത്തിലെ കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ചെറു പെയ്ക ഡി.എല്‍.പി എസില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം 75 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

താഴം എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍ 5 കുടുംബങ്ങളേയും കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഏഴു കുടുംബങ്ങളേയും മാറ്റി പാര്‍പ്പിച്ചു. അപകട സാധ്യത കണക്കിലെടുത്ത് കൂടുതല്‍ കുടുംബങ്ങളെ അധികൃതര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്.പാങ്ങോട് താഴത്ത് ഞാങ്കടവ് പാലമുക്ക് റോഡ് കല്ലടയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് വെള്ളത്തിനടിയിലായി.ഇവിടെ ഗതാഗതം തടഞ്ഞിരിക്കുകയാണ്.

ഈ ഭാഗത്തെ നിരവധി ഇഷ്ടിക കമ്പനികളും ഓട്ട് കമ്പനികളും വെള്ളത്തിനടിയിലാണ്.ചെറു പെയ്കയില്‍ കല്ലട ആറ് കരകവിഞ്ഞതിനെ തുടര്‍ന്ന് ഏലാകളും ചെളി എടുത്ത പാടങ്ങളും വെള്ളം കയറി നിറഞ്ഞു.ഇവിടെ ഉള്ള ഇഷ്ടിക കമ്പനികളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.തൃക്കണ്ണമംഗല്‍ ചേരൂര്‍ ഏലായില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും നശിച്ചു .ഇവിടെ മുക്കോണ്‍ എം സി റോഡ് തോട് കര കവിഞ്ഞ് പട്ടിക ജാതി കോളനികളില്‍ വെള്ളം കയറിയിട്ടുണ്ട്.തോട്ടം മുക്കിന് സമീപമുള്ള ഒരു കട തകര്‍ന്നിട്ടുണ്ട്. മീന്‍ പിടി പാറയില്‍ നിന്നും ഉത്ഭവിക്കുന്ന പുലമണ്‍ തോടും കരകവിഞ്ഞ് ഒഴുകുകയാണ്.തോട് പുറം പോക്കുകളില്‍ താമസ്സിക്കുന്ന നിര്‍ദ്ദന കുടുംബങ്ങളുടെ താമസ സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

ഇത്തിക്കര ആറ്റില്‍ ചെന്നു ചേരുന്ന ഓടനാവട്ടം കട്ടയില്‍ തോടും ഭീതി പരത്തി നിറഞ്ഞൊഴുകുന്നു. കുളക്കട തുരുത്തീലമ്പലം റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവെച്ചു.ജില്ലയഒടെ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടാന്‍ സാധ്യത ഉള്ളതിനാല്‍ പുലമണ്‍ തോട്ടില്‍ കുത്തൊഴുക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കൊട്ടാരക്കര നഗരസഭ ഉച്ചഭാഷിണി വഴി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മഴ വീണ്ടും കനത്താല്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്. ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനും ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനും എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി കൊട്ടാരക്കര തഹസീല്‍ദാര്‍ ബി അനില്‍കുമാര്‍ അറിയിച്ചു.എല്ലാ സര്‍ക്കാര്‍ വകുപ്പുകളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും സുസജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.