ലിനിയുടെ ഭർത്താവിന്‍റെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

നിപ ബാധിതരെ ചികിത്സിക്കുന്നതിനിടയിൽ കോഴിക്കോട് വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സായിരുന്ന സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

മക്കളെ പൊന്നുപോലെ നോക്കണമെന്ന് മരണക്കിടക്കയില്‍നിന്ന് പൊളളുന്ന വാക്കുകളിലൂടെ ഭര്‍ത്താവിനെയറിയിച്ച ലിനിയുടെ നിസ്വാർത്ഥ സേവനവും കുടുംബ സാഹചര്യവും കണക്കിലെടുത്ത് ഭര്‍ത്താവ് സജീഷിന് സർക്കാർ ജോലി നൽകുകയായിരുന്നു. സജീഷിനെ പേരാമ്പ്ര കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ക്ലർക്കായിട്ടാണ് സജീഷിനെ നിയമിച്ചത്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി തന്‍റെ ആദ്യ ശമ്പളം സജീഷ് സര്‍ക്കാറിന് കൈമാറി.

ദുരന്ത ബാധിതര്‍ക്ക് അടിയന്തിര സഹായം നല്‍കുന്നതിനും പുനരധിവാസത്തിനും വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു അഭ്യര്‍ത്ഥനയുമില്ലായതെ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നല്‍കുന്നുണ്ട്.ബിസിനസ്-സിനിമാ രംഗങ്ങളില്‍ നിന്നും സാധാരണക്കാരില്‍ നിന്നും കുട്ടികളില്‍ നിന്നും വരെ സഹായങ്ങള്‍ എത്തുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ ക്യാമ്പയിന്‍ ഏറ്റെടുത്തതോടെ നിരവധി ആളുകള്‍ സംഭാവന നല്‍കാന്‍ രംഗത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഭ്യര്‍ത്ഥന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി..
അക്കൗണ്ട് നമ്പര്‍. 67319948232, എസ്.ബി.ഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. CMDRF ലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.