മുൻ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

കൊല്ക്കത്ത: വൃക്കരോഗം ബാധിച്ച് കൊല്ക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു. എണ്പത്തൊമ്പത് വയസായിരുന്നു. ഞായറാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് സോമനാഥ് ചാറ്റർജിയുടെ ആരോഗ്യനില മോശമായിരുന്നു. രക്തശുദ്ധീകരണം നടത്തുന്നതിനിടയിലായിരുന്നു ഹൃദയാഘാതം. കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെ തുടർന്നും അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായിരുന്നു.
ശനിയാഴ്ച മുതൽ ശ്വസനയന്ത്രത്തിന്റെ സഹായത്തിലാണു സോമനാഥ് ചാറ്റര്ജി കഴിഞ്ഞിരുന്നത്. പത്തു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോമനാഥ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതൽ 2009 വരെ സ്പീക്കറായി പ്രവർത്തിച്ചു. യുപിഎ സർക്കാരിനു സിപിഎം പിന്തുണ പിൻവലിച്ചതിനെ തുടർന്നു സ്പീക്കർ പദവിയിൽനിന്ന് രാജിവയ്ക്കാതിരുന്ന അദ്ദേഹത്തെ 2008ൽ പാർട്ടി പുറത്താക്കിയിരുന്നു.
യുപിഎ സർക്കാരിനു നൽകിവന്ന പിന്തുണ ആണവക്കരാർ വിഷയത്തെച്ചൊല്ലി സിപിഎം പിൻവലിച്ചപ്പോൾ സ്പീക്കർ സ്ഥാനം രാജിവയ്ക്കാൻ സോമനാഥ് തയാറായില്ല. ഇതിനെ തുടർന്നാണു പുറത്താക്കിയത്. പാർട്ടിയിലേക്കു തിരിച്ചുവരാൻ തനിക്കു മോഹമുണ്ടെന്നും താൻ പാർട്ടിയുടെ ശത്രുവല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.