കരുനാഗപ്പള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് വിദ്യാർത്ഥിക്ക് പൊതുവഴിയില് പൊലീസുകാരന്റെ മർദ്ദനം;സിസിടിവി ദ്യശ്യങ്ങൾ പുറത്ത്

കൊല്ലം കരുനാഗപ്പള്ളിയില് പൊതുവഴിയില് കൊളേജ് വിദ്യാര്ത്ഥിക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ മര്ദ്ദനം.ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് വള്ളിക്കീഴ് സ്വദേശിയായ അഖിലിനെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് മര്ദ്ദിച്ചത്. പരുക്കേറ്റ വിദ്യാര്ത്ഥി കൊല്ലം സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.
കരുനാഗപ്പള്ളി ഐഎച്ച്ആര്ഡി കൊളേജില് രണ്ടാം വര്ഷ ഇലക്ട്രോണിക്സ് വിദ്യാര്ത്ഥിയായ അഖില് കരുനാഗപ്പള്ളി ബസ് സ്റ്റാന്ഡില് സുഹൃത്തുക്കള്ക്ക് ഒപ്പം സംസാരിച്ച് നില്ക്കുമ്പോഴാണ് സംഭവം.
ട്രാഫിക് ചുമതലയുള്ള എസ്ഐ ശ്യാം ആണ് മോഷണക്കുറ്റം ആരോപിച്ച് അഖിലിനെ മര്ദ്ദിച്ചത്. മറ്റൊരു സുഹൃത്തിന്റെ ബൈക്കിലിരുന്ന അഖിലിന്റെ അടുത്ത് എത്തി ഇതാരുടെ ബൈക്കാണെന്നും, വാഹനമോടിച്ചയാളെ വിളിക്കാന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല് താന് വിളിച്ചുകൊണ്ടുവന്ന സുഹൃത്തല്ല വാഹനമോടിച്ചത് എന്ന് ആരോപിച്ചാണ് എസ്ഐ തന്നെ മര്ദ്ദിച്ചതെന്ന് അഖില് പരാതിപ്പെടുന്നു.
തന്റെ നേരെ അസഭ്യവാക്കുകള് ഉപയോഗിച്ചെന്നും സ്റ്റേഷനില് വെച്ചും മര്ദ്ദനമുണ്ടായെന്നും അഖില് പറയുന്നു. പാര്ട്ടി പ്രവര്ത്തകരും സുഹൃത്തുക്കളും ബഹളമുണ്ടാക്കിയതിനെ തുടര്ന്ന് അഖിലിനെ ഫൈന് ഈടാക്കി സ്റ്റേഷനില് നിന്നും വിട്ടയയ്ക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുകയാണെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറും കരുനാഗപ്പള്ളി ഡിവൈഎസ്പിയും അറിയിച്ചു. സംഭവമുണ്ടായ പ്രദേശത്ത് പൂവാലശല്യം വ്യാപകമാണെന്നും ഇത് പരിഹരിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത് എസ്ഐ ശ്യാമിനെയാണെന്നും അധികൃതര് പറഞ്ഞു. ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധനയുടെ ഭാഗമായിരിക്കാം ഈ സംഭവമെന്നാണ് പൊലീസ് അധികൃതരുടെ ന്യായീകരണം.
പൊലീസ് സ്റ്റേഷനില് കൊണ്ടുപോയി മര്ദ്ദിച്ചുവെന്ന ആരോപണവും അധികൃതര് തള്ളിക്കളയുകയാണ്. കരുനാഗപ്പള്ളിയില് നടന്ന സിപിഐഎം റാലിയെ തുടര്ന്നുണ്ടായ ട്രാഫിക് ബ്ലോക്കിനെ തുടര്ന്ന് എസ്ഐ സ്റ്റേഷനില് നിന്നും മടങ്ങിയെന്നും അതിനാല് മര്ദ്ദനമുണ്ടാകാനുള്ള സാധ്യതയില്ലെന്നും ഉന്നത ഉദ്യോഗസ്ഥര് പ്രതികരിച്ചു.
പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിന് മുമ്പ് അഖിലും എസ്ഐയും തമ്മില് വാക്കുതര്ക്കമുണ്ടായെന്നും അതിനെ തുടര്ന്ന് മര്ദ്ദനം നടന്നിരിക്കാം എന്നുമാണ് പൊലീസിന്റെ വിശദീകരണം.
WATCH VIDEO..