കൊട്ടാരക്കരയിൽ മുൻഗണന റേഷൻ കാർഡുകൾ അനധികൃതമായി കൈവശം വച്ച് റേഷൻ വാങ്ങിയവരിൽ നിന്നും പിഴ ഈടാക്കാൻ തീരുമാനം.

കൊട്ടാരക്കരയിൽ ദുർബല വിഭാഗങ്ങൾക്കുള്ള എ.എ.വൈ, മുൻഗണന റേഷൻ കാർഡുകൾ അനധികൃതമായി കൈവശം വച്ച് റേഷൻ വാങ്ങിയവരിൽ നിന്ന് സാധനങ്ങളുടെ കമ്പോള വില ഈടാക്കാൻ നടപടി ആരംഭിച്ചു. അനർഹമായി വാങ്ങിയ റേഷൻ സാധനങ്ങളുടെ കമ്പോള വിലയായ 80611 രൂപ തിരിച്ചടയ്‌ക്കാൻ 30 പേർക്കാണ് നോട്ടീസ് അയച്ചത്. ഇവർക്കെതിരെ ആവശ്യമെങ്കിൽ പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കും.21.61 ക്വിന്റൽ അരിയും 4.73 ക്വിന്റൽ ഗോതമ്പുമാണ് അനധികൃതമായി വാങ്ങിയത്.
സർക്കാർ ജീവനക്കാരുടെ പേര് കാർഡിൽ നിന്ന് ബോധപൂർവം ഒഴിവാക്കി ആനുകൂല്യങ്ങൾ വാങ്ങിയവരും ആഡംബര വീടും കാറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മറച്ച് വച്ചവരും ഉൾപ്പെട്ടതാണ് 30 പേരുടെ പട്ടിക. പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാക്കാതിരുന്ന കാർഡുകളെല്ലാം കഴിഞ്ഞദിവസം പൊതുവിഭാഗത്തിലേക്ക് മാറ്റി.
ഒരു കിലോ അരിയ്‌ക്ക് 29.81 രൂപയും ഗോതമ്പിന് 20.68 രൂപയുമാണ് സർക്കാർ നിശ്ചയിച്ച കമ്പോളവില. ഏഴ് ദിവസത്തിനകം പണം അടയ്‌ക്കാത്തവർക്കെതിരെ റവന്യു റിക്കവറി, പ്രോസിക്യൂഷൻ നടപടികൾ ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും.

നിരവധി അനർഹർ എ.എ.വൈ, മുൻഗണന റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ ബോദ്ധ്യമായത്. ഇത്തരക്കാർ എട്ടിനകം സ്വമേധയാ റേഷൻ കാർഡുകൾ അതാത് റേഷൻ കടകൾ വഴിയോ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കിയോ പൊതുവിഭാഗത്തിലേക്ക് മാറ്റണം.
അല്ലാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വിലയായ 80611 രൂപ ഒരാഴ്ചക്കകം സംസ്ഥാന ഖജനാവിലോ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസിലോ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് 30 പേർക്ക് നോട്ടീസ് നൽകി.ഇവരിൽ 20 പേർ മുൻഗണനയിലും 10 പേർ എ.എ.വൈയിലും പെട്ട റേഷൻ കാർഡുകൾ കൈവശം വച്ചാണ് റേഷൻ തട്ടിപ്പ് നടത്തിവന്നത്.