ഹര്‍ത്താലിനോട് മുഖം തിരിച്ച് ജനങ്ങൾ;ബസുകള്‍ സര്‍വീസ് നടത്തുന്നു

കൊട്ടാരക്കര:ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. വൈകിട്ട് ആറു വരെയാണു ഹർത്താൽ.അതേസമയം, ഹർത്താൽ പൊതുജീവിതത്തെ ബാധിച്ചിട്ടില്ല.സ്വകാര്യ, കെഎസ്ആർടിസി ബസുകൾ പതിവുപോലെ സർവീസുകൾ നടത്തുന്നുണ്ട്.

ഹര്‍ത്താലുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചു.ഹര്‍ത്താലിന്റെ പിന്നില്‍ ആരെന്ന് സർക്കാർ കണ്ടെത്തണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇതേ സമയം ആര്‍ക്കും പിതൃത്വം ഇല്ലാത്ത വാട്‌സ്ആപ്പ് ഹര്‍ത്താലാണ് 30 ന് നടക്കുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അയ്യപ്പധര്‍മ്മ സേന, ഹനുമാന്‍ സേന, ശ്രീരാമ സേന, സാധുജനപരിഷത്ത്, തിയ്യ മഹാസഭ, വിശ്വകര്‍മ്മ ഐക്യവേദി, കേരള ധീവര മഹാസഭ തുടങ്ങിയ സംഘടനകളുടെ പേരിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.എന്നാല്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തി. അതേസമയം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന നിരീക്ഷണമാണ് കോടതിയും നടത്തിയത്. പ്രായം നോക്കി സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.