അഞ്ചലിൽ യുവതിയുടെ കാമുകന്‍മാര്‍ ഒരേസമയം വീട്ടിലെത്തി;തമ്മിലടിച്ച്, ഒടുവില്‍ ഒരാള്‍ മരിച്ചു

അഞ്ചലിൽ യുവതിയുടെ കാമുകൻമാർ തമ്മിൽ സംഘട്ടനം. രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ ഒരാൾ കിണറ്റിൽ വീണ് മരിച്ചു. അഗസ്ത്യക്കോട് സ്വദേശി ലാലു ആണ് മരിച്ചത്. മറ്റൊരു കാമുകനായ ആയൂർ സ്വദേശി സുമേഷ് പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ടുപേര്‍ക്കും ഹോം നഴ്സായ യുവതിയോട് അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വാടക വീട്ടില്‍ യുവതിക്കൊപ്പം മറ്റാരോ ഉണ്ടെന്ന് മനസിലാക്കിയ സുമേഷ് സുഹൃത്തിനൊപ്പം വീട്ടിലെത്തി ലാലുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. പ്രാണരക്ഷാര്‍ഥം ഓടിയ ലാലു സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.

രാവിലെയോടെ ഫയര്‍ഫോഴ്സ് എത്തിയാണ് ലാലുവിന്‍റെ മൃതദേഹം പുറത്തെടുത്തത്. ലാലുവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച യുവതിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിലെ സാധന സാമഗ്രികളും സുമേഷ് അടിച്ചു തകര്‍ത്തു.

ഹോം നഴ്സായി ജോലി നോക്കുന്ന ഷൈല ആഴ്ചയിൽ ചില ദിവസങ്ങള്‍ മാത്രമേ വീട്ടിലെത്താറുള്ളു. അന്ന് ഇവരെ കാണാന്‍ ലാലു എത്താറുണ്ടായിരുന്നു. അപ്രതീക്ഷിതമായി വീട്ടില്‍ സുമേഷ് എത്തിയതാണ് തര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിയത്. ലാലുവിന്റെ മൃതശരീരം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്ന് അഞ്ചൽ പൊലീസ് ഇന്നലെ രാത്രി തന്നെ മൂന്നുപേരെയും ഓട്ടോയും കസ്റ്റഡിയിലെടുത്തിരുന്നു. ഒരു കുട്ടിയുടെ മാതാവായ ഷൈല തനിച്ചാണ് താമസിക്കുന്നത്.